Skip to main content

പങ്കാളിത്ത വനപരിപാലനത്തിലൂടെ പ്രകൃതിദത്ത വനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി എകെ ശശീന്ദ്രൻ

പങ്കാളിത്ത വനപരിപാലനത്തിലൂടെ പ്രകൃതിദത്ത വനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ആറളം ഇക്കോ ഡെവലപ്പ്മെൻ്റ് സൊസൈറ്റി (ഇ ഡി സി)ക്ക് വേണ്ടി സ്ഥാപിച്ച സംരംഭമായ ആറളം ഇക്കോ ഷോപ്പ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വനാശ്രിത സമൂഹങ്ങളുടെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും ജീവിക്കാനുള്ള വരുമാനം നേടിക്കൊടുക്കാനും ചെറുകിട വനവിഭവങ്ങൾ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി മെച്ചപ്പെട്ട വിലയും വിപണിയും ഉറപ്പാക്കാൻ വനം വകുപ്പ് കർമ്മനിരതമാണെന്ന് മന്ത്രി പറഞ്ഞു.  സംസ്ഥാന വനം വികസന സമിതിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന വനശ്രീ ഇക്കോ ഷോപ്പുകൾ ഇതിന് മികച്ച ഉദാഹരണമാണ്. നിലവിൽ രണ്ട് മൊബൈൽ യൂനിറ്റ് ഉൾപ്പെടെ 69 വനശ്രീ ഇക്കോ ഷോപ്പുകൾ സംസഥാനത്താകെ പ്രവർത്തിച്ചു വരുന്നുണ്ട്. ഇതിൽനിന്ന് ലഭിക്കുന്ന വരുമാനം വനാശ്രയ സമൂഹത്തിന്റെ ഉന്നമനത്തിനായാണ് വിനിയോഗിക്കുന്നത്. വനങ്ങൾ ശാശ്വതമായി നിലനിന്നാൽ മാത്രമേ വനാശ്രിത സമൂഹത്തിന്റെ നിലനിൽപും സാധ്യമാവൂ എന്ന തിരിച്ചറിവ് അനിവാര്യമാെണെന്നും മന്ത്രി പറഞ്ഞു.
 ആറളം വന്യജീവി സങ്കേതത്തോട് ചേർന്നു കിടക്കുന്നതും ആറളം ഫാം പുനരധിവാസ മേഖലയിലെ ഒമ്പതാം ബ്ലോക്കിലെ താമസക്കാരായ പട്ടികവർഗ്ഗ കുടുംബങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി രൂപീകരിച്ചതുമാണ് ആറളം ഇ.ഡി.സി.
ആറളം വന്യജീവി സങ്കേതത്തിന്റെ അധികാരപരിധിയിലെ  തടിയിതര വനോൽപ്പന്നങ്ങൾ ശേഖരിച്ച് ആറളത്തെ ഇക്കോ ഷോപ്പ് വഴി യായി വിൽപ്പന നടത്തുന്നതിലൂടെ ഇവിടത്തെ വനാശ്രിത സമൂ ഹത്തിന്റെ ഉന്നമനവും  വന്യജീവി സങ്കേതത്തിന്റെ പുരോഗതിയും ലക്ഷ്യമാക്കുന്നു.
അഡ്വ സണ്ണി ജോസഫ് എഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി. കാർത്തിക്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ,  ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. പി. രാജേഷ്, ആറളം ഗ്രാമപഞ്ചായത്ത് മെമ്പർ മിനി ദിനേശൻ, ആറളം ഇ.ഡി.സി പ്രസിഡണ്ട് മല്ലിക പി.സി, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. സന്തോഷ്കുമാർ, അസി. വൈൽഡ് ലൈഫ് വാർഡൻ പി പ്രസാദ് എന്നിവർ സംസാരിച്ചു.

date