Skip to main content

വായ്പകള്‍ ഉത്പാദനക്ഷമമായി വിനിയോഗിക്കണം: മന്ത്രി പി. രാജീവ്

 

വിവിധ ഏജന്‍സികളുടെ വായ്പകള്‍ ഉത്പാദനക്ഷമമായി വിനിയോഗിക്കാന്‍ കഴിയണമെന്ന് മന്ത്രി പി. രാജീവ്. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ തൃക്കാക്കര നഗരസഭ വെസ്റ്റ് സി.ഡി.എസിലെ കുടുംബശ്രീ സംഘങ്ങള്‍ക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

വായ്പകള്‍ സംരംഭങ്ങളാക്കി മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ വായ്പകള്‍ നല്‍കുന്ന എല്ലാ കോര്‍പ്പറേഷനുകളെയും യോഗം വിളിക്കാന്‍ വ്യവസായ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വായ്പകള്‍ നല്‍കുന്നതിനു മുന്‍പായി സംരംഭങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ പരിശീലനം ലഭ്യമാക്കണം. ചെറു സംരംഭങ്ങള്‍ക്ക് വലിയ സാധ്യതയുണ്ട്. വായ്പകള്‍ നല്‍കുമ്പോള്‍ അതിന്റെ ഭാഗമായി സംരംഭങ്ങള്‍ ആരംഭിക്കണം. വ്യവസായ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സഹകരിച്ച് കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള പദ്ധതി പരിഗണനയിലാണ്. 

സംരംഭക വര്‍ഷത്തിന്റെ ഭാഗമായി ആരംഭിച്ച 1,34,000 സംരംഭങ്ങളില്‍ 41% സ്ത്രീ സംരംഭകരാണ്. നഗരസഭ, പഞ്ചായത്ത് മേഖലയില്‍ മാത്രം ഈ വര്‍ഷം 95000 സംരംഭങ്ങള്‍ ലൈസന്‍സ് എടുത്തു. 

ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ വിജയത്തിന് പ്രധാന കാരണം തദ്ദേശ സ്വയംഭരണ വകുപ്പും വ്യവസായ വകുപ്പും തമ്മിലുള്ള ഏകോപനമാണ്. സംരംഭകരുടെ പരാതികള്‍ പരിഗണിക്കാന്‍ 17 വകുപ്പുകളെ സംയോജിപ്പിച്ചുളള പരാതി പരിഹാര കമ്മിറ്റിയും ആരംഭിച്ചു. പരാതികള്‍ക്ക് 30 ദിവസത്തിനകം പരിഹാരമുണ്ടാകും. എടുത്ത തീരുമാനങ്ങള്‍ 15 ദിവസത്തിനകം നടപ്പാക്കണം. ഇല്ലെങ്കില്‍ 250 മുതല്‍ 10000 രൂപ വരെ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനില്‍ നിന്ന് പിഴ ഈടാക്കും. സംരംഭങ്ങളെ സംബന്ധിച്ച പരാതികള്‍ക്ക് മാത്രമായി നോഡല്‍ ഓഫീസറെയും നിയമിച്ചു. കെ-സ്വിഫ്റ്റ് വഴി അനുമതി നേടിയ സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ഇത്തരത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ഏറ്റവും അനുകൂലമായ സാഹചര്യമാണിപ്പോഴുളളതെന്നും മന്ത്രി പറഞ്ഞു. 

ഈ സാമ്പത്തികവര്‍ഷം 713 കോടി രൂപയാണ് പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വായ്പയായി നല്‍കിയത്. തൃക്കാക്കര വെസ്റ്റ് സിഡിഎസിലെ 41 കുടുംബശ്രീ സംഘങ്ങള്‍ക്കായി മൂന്ന് കോടി രൂപയാണ് മൈക്രോ ക്രെഡിറ്റ് വായ്പയായി നല്‍കുന്നത്. മൂന്ന് കോടി രൂപയുടെ ചെക്ക് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജോര്‍ജിന് മന്ത്രി കൈമാറി.  

തൃക്കാക്കര നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എ.എ. ഇബ്രാഹിംകുട്ടി
അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ സ്മിത സണ്ണി, സുനീറ ഫിറോസ്, ഉണ്ണി കാക്കനാട്, സോമി റെജി, നൗഷാദ് പല്ലച്ചി, നഗരസഭ സെക്രട്ടറി ബി. അനില്‍കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ടി.എം. റജീന, സിഡിഎസ് മെംബര്‍ സെക്രട്ടറി കെ.എ. അബ്ദുള്‍ സത്താര്‍, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ സബിത ഗോപകുമാര്‍, സിഡിഎസ് ഉപസമിതി കണ്‍വീനര്‍മാരായ ഷീജ ഗോകുല്‍ദാസ്, ഹസീല നസീര്‍, ഷൈനി ബിജു, അനു പ്രശാന്ത്, പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. കെ. പ്രസാദ്, പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ അഡ്വ. ഉദയന്‍ പൈനാക്കി, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.എന്‍. വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date