Skip to main content

ഏഴ് വർഷം കൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായത് വിപ്ലകരമായ മാറ്റം: മന്ത്രി വി ശിവൻകുട്ടി

വെയിലൂർ ജി എച്ച് എസിലെ പുതിയ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു

പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ കഴിഞ്ഞ ഏഴ് വർഷം കൊണ്ട് സംസ്ഥാന സർക്കാർ വിപ്ലവകരമായ മാറ്റമാണ് ഉണ്ടാക്കിയതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
വെയിലൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ബഹുനില മന്ദിരങ്ങളുടെയും  വാർഷികാഘോഷത്തിൻ്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞവും രണ്ടാം പിണറായി സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയും പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ വലിയ മാറ്റമുണ്ടാക്കി. മൂവായിരം കോടി രൂപയുടെ വികസനമാണ്  ഇക്കാലയളവിൽ ഉണ്ടായത്. പത്തരലക്ഷം ലക്ഷം പുതിയ കുട്ടികളാണ് ഇക്കാലയളവിൽ പൊതുവിദ്യാഭ്യാസ ധാരയോടൊപ്പം ചേർന്നത്. കിഫ്ബി, പ്ലാൻ, മറ്റു ഫണ്ടുകൾ എന്നിവ ഉപയോഗിച്ച് നിരവധി കെട്ടിടങ്ങൾ, ലാബുകൾ, ലൈബ്രറികൾ, തുടങ്ങിയവ നമ്മുടെ വിദ്യാലയങ്ങളിൽ ഉയർന്നു. ക്ലാസ്സുകൾ ഹൈടെക്കായി. വൃത്തിയുള്ള അടുക്കളയും സ്റ്റോർ റൂമും സ്കൂളുകളിലുണ്ടായി. കേന്ദ്ര സർക്കാരിന്റെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ കേരളം പ്രഥമ ശ്രേണിയിലായെന്നും മന്ത്രി പറഞ്ഞു.
    സംസ്ഥാന സർക്കാർ നബാർഡ് ഫണ്ടിൽ നിന്ന് രണ്ടു കോടി രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരം നിർമിച്ചത്. ചിറയിൻകീഴ് എംഎൽഎ വി ശശി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, അധ്യാപകർ, പിടിഎ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date