Skip to main content
മന്ത്രി ഡോ. ആർ.ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് ആദ്യമായി വനിതകളുടെ നൈറ്റ് പട്രോളിങ് ടീമായി പെൺ കാവൽ

സംസ്ഥാനത്ത് ആദ്യമായി രൂപം കൊണ്ട വനിതകളുടെ നൈറ്റ് പട്രോളിങ് ടീം ആയ പെൺ കാവൽ വഴി സ്ത്രീകളുടെ നേതൃ ശേഷിയും ,കർമോത്സുകതയും വർധിപ്പിക്കാനും അവരുടെ പങ്കാളിത്തം കൊണ്ടുവരാനും കഴിയുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു അഭിപ്രായപ്പെട്ടു.
ഇരിങ്ങാലക്കുട ജനമൈത്രി പോലീസും ,ജനമൈത്രി സുരക്ഷാ സമിതിയും ക്രൈസ്റ്റ് കോളേജും സാമൂഹ്യ സേവന സന്നദ്ധ സംഘടന ആയ തവനീഷും സംയുക്തമായി നടത്തുന്ന പെൺ കാവൽ നൈറ്റ് പട്രോളിങ് ടീമിന്റെ ഉത്ഘാടനം ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പോലീസും ജനങ്ങളുമായി കൈകോർത്ത് പിടിക്കുന്ന സംവിധാനമാണ് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയ കാലത്ത് നടപ്പിലാക്കിയ ജനമൈത്രി പോലീസ് പദ്ധതി. അതിലേക്ക് വനിതാ ഇടപെടൽ കൂടി പെൺ കാവൽ വഴി വരികയാണ്. സ്ത്രീകളുടെ നേതൃശേഷിയും കർമോത്സുകഥയും വർധിപ്പിക്കാൻ ഇത്തരം പദ്ധതികൾ വഴി കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജനമൈത്രി സുരക്ഷാ സമിതി അംഗവും നൈറ്റ് പട്രോളിങ് ടീം ക്യാപ്റ്റനുമായ അഡ്വ. കെ. ജി.അജയകുമാർ പദ്ധതി വിശദീകരണം നടത്തി. വനിതാ പോലീസുകാർക്ക് ഒപ്പം ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികളും നൈറ്റ് പട്രോളിങ് ടീമിലുണ്ട്. വിദ്യാർത്ഥികൾക്ക് ഉള്ള യൂണിഫോം വിതരണവും മന്ത്രി നിർവഹിച്ചു.

ഇരിങ്ങാലക്കുട ഡി.വൈ.എസ്. പി.ബാബു കെ.തോമസ് അധ്യക്ഷനായ ചടങ്ങിൽ മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ. ചിറ്റിലപ്പിളളി, ജനമൈത്രി സുരക്ഷാ സമിതി അംഗം മുവീഷ് മുരളി, വനിതാ പട്രോളിങ് ടീമംഗം മോഹന ലക്ഷ്മി എന്നിവർ ആശംസകൾ നേർന്നു.
സബ് ഇൻസ്പെക്ടറും ജനമൈത്രി പി. ആർ. ഒ.യുമായ ജോർജ് കെ. പി. സ്വാഗതവും ഇരിങ്ങാലക്കുട സബ് ഇൻസ്പെക്ടർ സുദർശന എസ്. നന്ദിയും രേഖപ്പെടുത്തി.

date