Skip to main content

കാര്‍ഷിക സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി

കര്‍ഷകരുടെയും കാര്‍ഷികമേഖലയുടെയും ഉന്നമനത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള 11-ാ മത് കാര്‍ഷിക സെന്‍സസിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ നിര്‍ദേശപ്രകാരം നടത്തുന്ന കാര്‍ഷിക സെന്‍സസില്‍ ശരിയായതും പൂര്‍ണവുമായ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍. ജ്യോതി ലക്ഷമി അഭ്യര്‍ഥിച്ചു.
കാര്‍ഷിക മേഖലയുടെ സമഗ്രമായ അഭിവൃദ്ധിക്കും കര്‍ഷകരുടെ ഉയര്‍ച്ചയ്ക്കും ഈ മേഖലയുമായി ബന്ധപ്പെട്ട സാമൂഹിക സാമ്പത്തിക ഇടങ്ങളിലെ നയങ്ങളും പദ്ധതികളും രൂപീകരിക്കുന്നതിനും വേണ്ടിയാണ് കാര്‍ഷിക സെന്‍സസ് ഡേറ്റ ഉപയോഗിക്കുന്നത്.   ഭാവിയില്‍ കാര്‍ഷിക സര്‍വേ നടത്തുന്നതിന് ആവശ്യമായ ചട്ടക്കൂട് തയാറാക്കുന്നതിനും സെന്‍സസിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്തും.
സംസ്ഥാനത്ത് കാര്‍ഷിക സെന്‍സസിന്റെ നടത്തിപ്പു ചുമതല സാമ്പത്തിക സ്ഥിതി വിവരണക്കണക്ക് വകുപ്പിനാണ്. ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് ജില്ലാ തലത്തിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല. സെന്‍സസിന്റെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ താല്‍കാലികമായി തിരഞ്ഞെടുക്കുന്ന എന്യൂമറേറ്റര്‍മാര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റുമാരുടെയോ ഇന്‍വെസ്റ്റിഗേറ്റര്‍മാരുടെയോ മേല്‍നോട്ടത്തില്‍ ചെയ്യും.
 മൂന്ന് ഘട്ടങ്ങളിലായാണ് കാര്‍ഷിക സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെയും ഓരോ വീടും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് കാര്‍ഷിക ഭൂമി കൈവശമുള്ള കര്‍ഷകന്റെയും ഭൂമിയുടെയും വിവരങ്ങള്‍, സാമൂഹ്യ വിഭാഗം, ലിംഗപദവി, ഉടമസ്ഥത, സ്ഥാപനങ്ങളുടെ ഹോള്‍ഡിംഗിനെ സംബന്ധിച്ച പ്രത്യേക വിവരം തുടങ്ങിയവയാണ് ഒന്നാം ഘട്ടത്തില്‍ ശേഖരിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയം ഭരണ വാര്‍ഡുകളുടെ 20 ശതമാനം വാര്‍ഡുകളില്‍ നിന്നുള്ള തെരഞ്ഞെടുക്കുന്ന കൈവശഭൂമിയുള്ള വ്യക്തികളില്‍ നിന്നും കൃഷി രീതി, ജലസേചനം തുടങ്ങിയ വിവരങ്ങള്‍ രണ്ടാം ഘട്ടത്തില്‍ ശേഖരിക്കും. മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ വാര്‍ഡുകളുടെ ഏഴു ശതമാനം സാമ്പിള്‍ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന കൈവശാനുഭവ ഭൂമിയില്‍ നിന്നും കൃഷിക്ക് ഉപയോഗിക്കുന്ന  വിത്ത്, വളം, കീടനാശിനി, ജലസേചനം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും.

date