Skip to main content
.

മണിയാറംകുടി- ഉടുമ്പന്നൂര്‍ റോഡ്‌നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി

മണിയാറംകുടി - കൈതപ്പാറ - ഉടുമ്പന്നൂര്‍ റോഡിന്റെ നിര്‍മാണത്തിനായി യോജിച്ച പ്രവര്‍ത്തനത്തിലൂടെ ഭൂമി ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ്,അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി പങ്കെടുത്തു. വനംവകുപ്പിന് പകരം ഭൂമി നല്കിയാണെങ്കിലും റോഡ് യാഥാര്‍ത്ഥ്യമാക്കേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. ടെന്‍ഡര്‍ കാലാവധി അവസാനിക്കുന്നതിനാല്‍ പദ്ധതി നഷ്ടപ്പെടാതിരിക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടാകും. 6 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡില്‍ വേളൂര്‍ ചെക്‌പോസ്റ്റ് മുതല്‍ മണിയാറംകുടി ചെക്‌പോസ്റ്റ് വരെ പട്ടയഭൂമി ഒഴിവാക്കി 18.29 കിലോമീറ്റര്‍ ദൂരമാണ് വനംവകുപ്പിന്റെ ഭൂമി . ഇതിനു പകരമായി 10.71 ഹെക്ടര്‍ സ്ഥലം നല്കണം. കാന്തല്ലൂരില്‍ വനംവകുപ്പിന്റെ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന റവന്യു ഭൂമി വനംവകുപ്പിന് നല്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കും . ഇതിനായി റവന്യു- വനം വകുപ്പുകളുടെ സര്‍വെയര്‍മാര്‍ മാര്‍ച്ച് 9 ന് കാന്തല്ലൂരില്‍ സംയുക്ത പരിശോധന നടത്തും. യോഗത്തില്‍ ദേവികുളം സബ് കളക്ടര്‍ രാഹുല്‍കൃഷ്ണശ്ശര്‍മ, ഡെപ്യൂട്ടി കളക്ടര്‍ മനോജ് കെ, വനം, റവന്യു, പഞ്ചായത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date