Skip to main content
കരിയിലമുക്ക് പാലം.

കരിയിലമുക്ക് പാലം ഉദ്ഘാടനം ഫെബ്രുവരി 16ന്

പത്തനംതിട്ട ആറന്മുള നിയോജക മണ്ഡലത്തിലെ കരിയിലമുക്ക് പാലത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 16ന്. ആരോഗ്യ വകുപ്പ് മന്ത്രിയും സ്ഥലം എംഎല്‍എയും കൂടിയായ വീണാ ജോര്‍ജിന്റെ നിരന്തരമായ ഇടപെടലുകളിലൂടെയാണ് കരിയിലമുക്ക് പാലം യാഥാര്‍ഥ്യമായത്. ആറന്മുള നിയോജക മണ്ഡലത്തില്‍ കൂടി കടന്നുപോകുന്ന രണ്ട് സംസ്ഥാന പാതകളായ തിരുവല്ല-കുമ്പഴ റോഡിനെയും മാവേലിക്കര-കോഴഞ്ചേരി റോഡിനെയും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന പ്രധാന ജില്ലാ പാതയാണ് കുമ്പനാട് - ആറാട്ടുപുഴ റോഡ്. ഈ റോഡ് ഉന്നത നിലവാരത്തില്‍ ബിഎം ആന്റ് ബിസി ടാറിംഗ് നടത്തി തുറന്നുകൊടുത്തിരുന്നു. കരിയിലമുക്ക് പാലം കൂടി യാഥാര്‍ഥ്യമായതോടെ ഇതുവഴിയുള്ള യാത്ര ഏറെ സുഗമമാകും.
കരിയിലമുക്ക് പാലത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 16ന് വൈകുന്നേരം മൂന്നിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. 1962ല്‍ പണികഴിപ്പിച്ച കരിയിലമുക്ക് പാലം കാലപ്പഴക്കത്താല്‍ വാഹന ഗതാഗതം സാധ്യമാകാത്ത വിധം കേടുപാടുകള്‍ സംഭവിച്ചിരുന്നു. പാലത്തിന്റെ മധ്യഭാഗത്ത് ഡെക്ക് സ്ലാബിന് വിള്ളല്‍ വീണ് സ്ലാബ് താങ്ങി നിര്‍ത്തിയിരിക്കുന്ന ബീമുകളില്‍ കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ഭാരമുള്ള വാഹനം കടത്തി വിടാന്‍ കഴിയുമായിരുന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വീണാ ജോര്‍ജ് ഇടപെട്ടത്. മന്ത്രിയുടെ ശ്രമഫലമായി പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി പാലം പുനര്‍ നിര്‍മിക്കുന്നതിന് 1.7 കോടി രൂപ അനുവദിച്ച് ഉത്തരവിട്ടിരുന്നു.
ഈ പാലം സിംഗിള്‍ സ്പാന്‍ ഇന്റഗ്രേറ്റഡ് സ്ലാബ് ബ്രിഡ്ജ് ആയിട്ടാണ് നിര്‍മിച്ചിരിക്കുന്നത്. പാലത്തിന് ഇരുവശങ്ങളിലും നടപ്പാതയോടുകൂടി മൊത്തം 11 മീറ്റര്‍ വീതിയും 12 മീറ്റര്‍ സ്പാനും ഉണ്ട്. പാലത്തിന്റെ അടിത്തറ പൈല്‍ ഫൗണ്ടേഷന്‍ ആയിട്ടാണ് നിര്‍മിച്ചിട്ടുള്ളത്. ഇരുകരകളിലും ആവശ്യമായ നീളത്തില്‍ സംരക്ഷണ ഭിത്തി നിര്‍മിച്ച് പാലത്തിലേക്കുള്ള പ്രവേശന പാത 200 മീറ്റര്‍ നീളത്തില്‍ ബിഎം ആന്‍ഡ് ബിസി ചെയ്ത്, നടപ്പാതകള്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ പാകി ആവശ്യമായ റോഡ് സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
 

date