Skip to main content

തളരാത്ത മനസ്സിന് മിസ്റ്റർ തൃശൂർ പട്ടം

മിസ്റ്റർ കേരള മത്സരത്തിൽ രണ്ടാംസ്ഥാനവും സജിത്തിന്‌

തൃശൂർ ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ സംഘടിപ്പിച്ച മിസ്റ്റര്‍ തൃശൂർ മത്സരത്തില്‍ മാള പൊയ്യ സ്വദേശി സജിത്ത് കെ യു ഫിസിക്കലി ചലഞ്ചഡ് വിഭാഗത്തില്‍ ചാമ്പ്യനായി. കുരിയച്ചിറ സ്പോർട്സ് സെന്ററിൽ നടന്ന മത്സരത്തിലാണ് സജിത്ത് അഭിമാന ജയം നേടിയത്. അതിനുശേഷം നടന്ന മിസ്റ്റർ കേരള മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തൃശൂർ കളക്ടറേറ്റിൽ കേരള ഐടി മിഷൻ വിഭാഗത്തിൽ സപ്പോർട്ടിങ് എഞ്ചിനീയറായി ജോലി ചെയ്യുകയാണ് സജിത്ത്. സജിത്തിന് അഞ്ചു വയസുള്ളപ്പോളാണ് വലതുകൈയ്ക്ക് വീണു പരിക്ക് പറ്റി സർജറി ചെയ്യേണ്ടി വന്നത്. വലത്തു കൈവിരലുകൾ അനക്കാൻ മാത്രമേ ഇപ്പോൾ പറ്റൂ.

ബോഡി ബില്‍ഡിങ്ങിലേക്കുള്ള സജിത്തിന്റെ കടന്നു വരവ് ആകസ്മികമായിട്ടായിരുന്നു. 2019ൽ ഇൻസ്റ്റാഗ്രാമിൽ ശാരീരിക വൈകല്യമുള്ള ആളുകൾ ബോഡി ബിൽഡിംഗ് ചെയ്യുന്ന വീഡിയോസ് കണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് സജിത്തിന്‌ താല്പര്യം തുടങ്ങിയത്. തയ്യാറെടുപ്പിന്റെ ഭാഗമായി ഒൻപതു മാസത്തെ ചിട്ടയായ ആഹാരക്രമവും കൃത്യമായ വ്യായാമത്തിലൂടെ അമിതഭാരം 83 കിലോയിൽ നിന്നും 67  കിലോയിലെത്തിച്ചു. അതിനുശേഷം മാളയിലെ ജിം ട്രെയ്നർ ബിനിൽ തോമസ് നടത്തുന്ന ഫിറ്റ്നസ് ഫസ്റ്റ് ജിമ്മിൽ പോയി തുടങ്ങി. തന്റെ ആഗ്രഹത്തിനൊപ്പം മനക്കരുത്തു നൽകാൻ ബിനിൽ കൂടെയുണ്ടായി. കൂടെ നിൽക്കാൻ അച്ഛൻ ഉണ്ണികൃഷ്ണൻ, അമ്മ ശ്യാമള, അനിയത്തി സൗമ്യ എന്നിവർ പൂർണപിന്തുണയും നൽകി.
എല്ലാ ദിവസവും രാവിലെ അഞ്ചിന് പരിശീലനം തുടങ്ങും. വൈകിട്ട് ആറുമുതൽ രാത്രി പത്തുവരെ വർക്ക് ഔട്ട്. 2021ൽ ദക്ഷിണേന്ത്യ ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് മത്സരത്തിൽ ജയിച്ചതിനുശേഷം സജിത്ത് വീണ്ടുമൊരു ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത് ഇപ്പോളാണ്. മൂന്ന് മാസത്തോളം കൃത്യമായ ആഹാരക്രമം പാലിച്ചും കഠിനാധ്വാനം ചെയ്തുമാണ് ഓരോ ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുന്നത്. ഏപ്രിലിൽ നടക്കുന്ന ദേശീയ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന സജിത്ത് നല്ല സ്പോൺസർമാരെ തേടുകയാണ്.

date