Skip to main content
.

ജില്ലയിൽ "നാലുമണി പൂക്കൾ "വിരിയുന്നു

ക്ഷയരോഗ നിർമാർജനം ലക്ഷ്യമിട്ട് ജില്ലയിൽ നടപ്പാക്കിവരുന്ന "നാലുമണി പൂക്കൾ" പദ്ധതി കേരളത്തിന് മാതൃകയാവുകയാണെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് സംഘടിപ്പിച്ച കുടുംബശ്രീ അംഗങ്ങളുടെ കൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കളക്ടർ. സംസ്ഥാനതലത്തിൽ ആദ്യമായാണ് കുടുംബശ്രീ സംവിധാനത്തിന്റെ ശക്തി പ്രയോജനപ്പെടുത്തി ക്ഷയരോഗ ബോധവൽക്കരണ പരിപാടി നടക്കുന്നത്. ജില്ലയിലെ 5000 ത്തോളം അയൽക്കൂട്ടങ്ങളിൽ പരിപാടി സംഘടിപ്പിക്കപ്പെട്ടു കഴിഞ്ഞു. ആകെ 12000 ത്തോളം അയൽക്കൂട്ടങ്ങൾ ആണ് ജില്ലയിലുള്ളത്. ക്ഷയരോഗം മാറാരോഗം അല്ല, ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന രോഗമാണെന്ന സന്ദേശം കുടുംബശ്രീ അംഗങ്ങളിലൂടെ ഓരോ കുടുംബത്തിലും എത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ലഘുലേഖകളും ബോധവൽക്കരണ ക്ലാസുകളും അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കും. ക്ഷയരോഗികൾ ഇല്ലാത്ത ജില്ല എന്ന ഖ്യാതി ഇടുക്കിക്ക് സ്വന്തമാകുന്ന കാലം വിദൂരമല്ല. ക്ഷയരോഗ നിർമ്മാർജ്ജന പ്രതിജ്ഞ കുടുംബശ്രീ അംഗങ്ങൾക്ക് കളക്ടർ ചൊല്ലിക്കൊടുത്തു.
തൊടുപുഴ ഐ.എം.എ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ ടി. ബി ഓഫീസർ ഡോ. സെൻസി, കുടുംബശ്രീ സി.ഡി. എസ്, എ. ഡി. എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് സംഘടിപ്പിച്ച കുടുംബശ്രീ അംഗങ്ങളുടെ കൂട്ടായ്മയിൽ ക്ഷയോഗ നിർമ്മാർജ്ജന പ്രതിജ്ഞ ജില്ലാ കളക്ടർ ഷീബ ജോർജ് ചൊല്ലി കൊടുക്കുന്നു.

date