Skip to main content

വനിതാദിനത്തിൽ ഭിന്നശേഷിസ്ത്രീകളുടെ ശാക്തീകരണ സെമിനാർ

ഭിന്നശേഷിവനിതകളുടെ തടസരഹിത ജീവിതം സാമൂഹിക കടമ: മന്ത്രി ഡോ. ആർ ബിന്ദു

തടസരഹിത ജീവിതം ഭിന്നശേഷി വനിതകൾക്ക് ഉറപ്പാക്കാൻ സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി 'ഭിന്നശേഷിക്കാരായ സ്ത്രീകളുടെ ശാക്തീകരണംഎന്ന വിഷയത്തിൽ തിരുവനന്തപുരം വിമൻസ് കോളേജിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പരിമിതികളെ മറികടക്കാനുള്ള ആത്മവിശ്വാസം നേടിയെടുത്ത് മറ്റുള്ളവർക്ക് കൂടി മാതൃകയായി മാറാനുള്ള എല്ലാ പിന്തുണാസംവിധാനങ്ങളും ഭിന്നശേഷി വനിതകൾക്ക് ഒരുക്കിക്കൊടുക്കാൻ സർക്കാരിനും സമൂഹത്തിനും തുല്യബാധ്യതയുണ്ട്. സ്ഥാപനങ്ങൾ ബാരിയർ ഫ്രീ ആക്കുന്നതുകൊണ്ടു മാത്രം തടസ്സരഹിത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാനാവില്ല. സമൂഹത്തിന്റെ മനോഭാവത്തിൽ കൂടി മാറ്റമുണ്ടാകണം - മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

ഭിന്നശേഷിക്കാരായ വനിതകൾക്ക് സമൂഹത്തിൽ നേരിടേണ്ടിവരുന്ന വിവേചനങ്ങളെ സംബന്ധിച്ചും അവരുടെ അവകാശങ്ങളെ സംബന്ധിച്ചും സെമിനാറിൽ മന്ത്രി സംസാരിച്ചു. ഗവേഷകയും ഭിന്നശേഷിയവകാശ പ്രവർത്തകയുമായ ഡോ. വി. ശാരദാദേവി വിഷയം അവതരിപ്പിച്ചു പ്രഭാഷണം നടത്തി. കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർപേഴ്‌സൺ അഡ്വ. ജയഡാളി സെമിനാറിൽ അധ്യക്ഷയായിരുന്നു. ഭിന്നശേഷി മേഖലയിൽ നിന്നുള്ള സ്ത്രീകളും ഈ രംഗത്തെ ആക്ടിവിസ്റ്റുകളും ഗവേഷകരും സെമിനാറിൽ പങ്കെടുത്തു. കേരള സാമൂഹ്യ സുരക്ഷാമിഷനും കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനും ചേർന്നാണ് സെമിനാറും വനിതാ ദിനാചരണവും സംഘടിപ്പിച്ചത്.

പി.എൻ.എക്സ്. 1171/2023

date