Skip to main content
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെന്ററിൽ സംഘടിപ്പിച്ച വനിതാകർഷക സംഗമത്തിന്റെയും ശിൽപശാലയുടേയും ഭാഗമായ പൊതുസമ്മേളനം കൃഷിവകുപ്പ്് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

കാർഷിക ഉൽപന്നങ്ങളുടെ പാക്കിങ്ങ് രാജ്യാന്തരനിലവാരത്തിലാക്കാൻ ഈ മാസം മുതൽ കർഷകർക്ക് പരിശീലനം നൽകും: മന്ത്രി പി. പ്രസാദ്.

കോട്ടയം: മൂല്യവർധിത കാർഷിക ഉൽപന്നങ്ങളുടെ പാക്കിങ്ങ് രാജ്യാന്തരനിലവാരത്തിലാക്കാൻ ഈ മാസം മുതൽ കർഷകർക്ക് പരിശീലനം നൽകിത്തുടങ്ങുമെന്നു കൃഷിവകുപ്പ്് മന്ത്രി പി. പ്രസാദ്. പാക്കേജിങ്ങിലെ ആധുനിക സാങ്കേതികവിദ്യകൾ കർഷകർക്കു ലഭ്യമാക്കാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി കൃഷിവകുപ്പ് ധാരണാപത്രം ഒപ്പിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര വനിതാദിനത്തോടനുബന്ധിച്ചു കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെന്ററിൽ സംഘടിപ്പിച്ച സംസ്ഥാനതല വനിതാകർഷക സംഗമത്തിന്റെയും ശിൽപശാലയുടേയും ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂല്യവർധിത ഉൽപന്നങ്ങളുടെ വിൽപനയിലൂടെയേ കർഷകർക്കു കൃഷിയിൽ നിന്നു നേട്ടമുണ്ടാകു. മറ്റാരെയും ആശ്രയിക്കാതെ മൂല്യവർധിത കാർഷിക ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ കർഷകർക്കാകണം. അതിനായി സാങ്കേതിക പിന്തുണ അടക്കമുള്ള സഹായങ്ങൾ കൃഷിവകുപ്പു ലഭ്യമാക്കും.
ബാങ്കുകൾ കർഷകരുടെ സംരംഭങ്ങൾക്കു വായ്പ നിഷേധിക്കുന്നതിനു കാരണം പറയുന്നത് സമർപ്പിക്കുന്ന പദ്ധതികളിലെ പോരായ്മകളാണ്. വിശദമായ പദ്ധതികൾ തയാറാക്കുന്നതിന് കർഷകരെ സഹായിക്കാൻ കാർഷികമേഖലയിലെ വിദഗ്ധരടങ്ങിയ ഡി.പി.ആർ. ക്ലിനിക്ക് ഗുണകരമായിരുന്നു. ഇത്തരത്തിലുള്ള ഡി.പി.ആർ. ക്ലിനിക്കുകൾ എല്ലാ ജില്ലയിലും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ കാർഷികമേഖലയിൽ സ്ത്രീകൾ ഉജ്ജ്വലമായ വിജയം കൈവരിക്കുന്ന കാലഘട്ടമാണ്. 500 സ്ത്രീകളുടെ വിജയകഥകൾ കൃഷിവകുപ്പ് രണ്ടുമാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
 കർണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തി, ജില്ലാ കളക്ടർ പി.കെ. ജയശ്രീ, ജില്ലാ ഇൻഫർമാറ്റികസ് ഓഫീസർ ബീന സിറിൾ പൊടിപാറ, മുതിർന്ന വനിതാ കർഷക തൊഴിലാളി പൊന്നമ്മ ഗോപാലൻ, മുതിർന്ന വനിതാകർഷക മേരി, വിവിധ ജില്ലകളിൽ നിന്നുള്ള വനിതാകർഷകർ എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായിരുന്നു. കൃഷി വകുപ്പ് ഡയറക്ടർ കെ.എസ്. അഞ്ജു, കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടർ എസ്.ആർ. രാജേശ്വരി, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീതാ വർഗീസ് ജില്ലാ കാർഷിക വികസന സമിതി അംഗം തങ്കമ്മ അലക്‌സ് എന്നിവർ പ്രസംഗിച്ചു.
 സംഗമത്തിന്റെ ഭാഗമായി രാവിലെ മുതൽ നടന്ന വനിതാ കാർഷിക-സംരംഭക പ്രദർശന മേളയും സെമിനാറും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭാംഗം പി.ആർ. സോന അധ്യക്ഷത വഹിച്ചു.

date