Skip to main content

ശബരിമല തീര്‍ഥാടനം:

റോഡ് സുരക്ഷാ പദ്ധതി പുതുക്കി തയാറാക്കണം;
ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കും: ജില്ലാ കളക്ടര്‍

    ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പുതിയ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് റോഡ് സുരക്ഷാ പദ്ധതി പുതുക്കി തയാറാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വരുന്ന ശബരിമല തീര്‍ഥാടനത്തിനു മുന്നോടിയായുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
വരുന്ന ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. കടകള്‍, ശുചിമുറി, പാര്‍ക്കിംഗ് ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ലേലങ്ങള്‍ സമയക്രമം പാലിച്ച് തീര്‍ഥാടനത്തിന് മുന്‍പായി പൂര്‍ത്തിയാക്കണം. ശുചിമുറികള്‍ ശുചിയായി സൂക്ഷിക്കുന്നെന്ന് ഉറപ്പാക്കണം. തീര്‍ഥാടനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ശാസ്ത്രീയ ഇടപെടല്‍ ഉണ്ടാകണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുള്ളത്. അടിസ്ഥാനസൗകര്യ വികസനത്തിനായി ശബരിമല മാസ്റ്റര്‍പ്ലാന്‍ മികച്ച നിലയില്‍ തയാറാക്കി വരുകയാണ്. തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ മികച്ചതാക്കുന്നതിനുള്ള പദ്ധതികളും നിര്‍ദേശങ്ങളും വകുപ്പുകള്‍ തയാറാക്കി നടപ്പാക്കണം. വരുന്ന തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ഫെബ്രുവരി 16ന് രാവിലെ 11ന് പമ്പയിലെ ശ്രീരാമസാകേതം കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
      അടിയന്തിര സാഹചര്യങ്ങളുടെ ഏകോപനം ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ മുഖേനയായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഒരു സംഭവമുണ്ടായാല്‍ നിശ്ചിത സമയത്തിനകം ഇവിടെ നിന്നും ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേക്കും സന്ദേശം കൈമാറുകയും തുടര്‍ നടപടികള്‍ സ്വീകരിച്ചുവെന്ന് ഉറപ്പാക്കുകയും ചെയ്യണം. വരുന്ന തീര്‍ഥാടനകാലത്ത് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ടെങ്കില്‍ അതു സംബന്ധിച്ച റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് നോഡല്‍ ഓഫീസര്‍ നല്‍കണം. ശബരിമല സന്നിധാനത്തേക്ക് വള്ളക്കടവ് 14-ാം മൈലില്‍ നിന്ന് പുതിയ വൈദ്യുത ലൈന്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി കെഎസ്ഇബിയുടെ പരിഗണനയിലാണ്. കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ചിരുന്ന കിയോസ്‌കുകളുടെ പ്രവര്‍ത്തനം പരിശോധിച്ച ശേഷമേ വരുന്ന തീര്‍ഥാടനകാലത്ത് സേവനത്തിനായി ഉപയോഗിക്കാവു. കടവുകളുടെ സുരക്ഷ മുന്‍കൂട്ടി ഇറിഗേഷന്‍ വകുപ്പും തദ്ദേശസ്ഥാപനങ്ങളും പരിശോധിച്ച് ഉറപ്പാക്കണം. തീര്‍ഥാടകര്‍ സ്‌നാനത്തിനായി ഇറങ്ങുന്ന എല്ലാ കടവുകളെയും കൂടി ഉള്‍പ്പെടുത്തി നിലവിലെ പട്ടിക വിപുലീകരിക്കുകയും എല്ലാ ഇടത്തും സുരക്ഷാവേലിയും മുന്നറിയിപ്പ് ബോര്‍ഡുകളും ഉറപ്പാക്കുകയും വേണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ഥാടകര്‍  കേരളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ അവരുടെ വാഹനങ്ങളില്‍ ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ പതിക്കുന്നത് അടിയന്തിര ഘട്ടങ്ങളില്‍ സേവനം വേഗം നല്‍കുന്നതിന് സഹായകമാകും. കോന്നി-പുനലൂര്‍ പാതയുടെ നിര്‍മാണം വരുന്ന തീര്‍ഥാടനകാലത്തിനു മുന്‍പ് പൂര്‍ത്തിയാകുമെന്ന് കെഎസ്ടിപി അറിയിച്ചു. മണ്ണാറക്കുളഞ്ഞി-പ്ലാപ്പള്ളി റോഡില്‍ ഫെബ്രുവരി 15ന് ശേഷം ബിഎംബിസി ടാറിംഗ് തുടങ്ങും. ളാഹ അപകടമേഖലയില്‍ ഉള്‍പ്പെടെ റോഡ് നവീകരണത്തിന്റെ ഭാഗമായി സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
തീര്‍ഥാടകരുടെ സഹായത്തിനായി വിവിധ ഭാഷകളിലുള്ള സൂചനാ ബോര്‍ഡുകള്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലും തീര്‍ഥാടന പാതകളിലും വയ്ക്കണമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പറഞ്ഞു. വെര്‍ച്വല്‍ ക്യു ബുക്കിംഗ് നടപ്പാക്കിയതിലൂടെ എത്താന്‍ പോകുന്ന തീര്‍ഥാടകരുടെ എണ്ണം കൃത്യമായി അറിയാന്‍ സാധിച്ചു. ഇതുമൂലം ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിന് മുന്‍കൂട്ടി സാധിച്ചു. വെര്‍ച്വല്‍ ക്യു ബുക്കിംഗ് ഉള്ളതിനാല്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള സമയം തിരഞ്ഞെടുത്ത് ദര്‍ശനം നടത്താന്‍ തീര്‍ഥാടകര്‍ക്കും സാധിച്ചു. കുടിവെള്ളം, ശൗചാലയം ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ നേരത്തെ ഒരുക്കണം. പമ്പയില്‍ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതിന് സൗകര്യം ഒരുക്കുന്നത് പരിഗണിക്കണം. ളാഹയിലെ അപകടമേഖലയില്‍ ലൈറ്റ് സംവിധാനവും സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കണം. മികച്ച തീര്‍ഥാടനം ഇത്തവണ ഒരുക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date