Skip to main content

നവംബർ ഒന്നിനകം റവന്യൂ വകുപ്പിൽ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കും: മന്ത്രി കെ രാജൻ

കുളത്തുമ്മൽ, നെടുമങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസുകൾ മന്ത്രി ഉദ്ഘാടനം ചെയ്തു

ഈ വർഷം നവംബർ ഒന്നിനകം സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ആദ്യ വകുപ്പായി റവന്യൂ വകുപ്പ് മാറുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കാട്ടാക്കട മണ്ഡലത്തിലെ കുളത്തുമ്മൽ, നെടുമങ്ങാട് മണ്ഡലത്തിലെ നെടുമങ്ങാട് എന്നീ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നവംബർ ഒന്നിനകം വില്ലേജ് ഓഫീസുകൾ മുതൽ സെക്രട്ടറിയേറ്റ് വരെ എല്ലാ സേവനങ്ങളും സ്മാർട്ട് ആകും. എല്ലാ ഓഫീസുകളും ഇ -ഓഫീസ് ആയി കണക്ട് ചെയ്യും. സംസ്ഥാനത്തെ 94 ലക്ഷം വീടുകളിൽ ഓരോ വീട്ടിലും ഒരാളെയെങ്കിലും റവന്യൂ സേവനങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് റവന്യൂ ഇ- സാക്ഷരത യജ്ഞം നടപ്പിലാക്കാൻ പോവുകയാണ് സർക്കാർ. ഈ വർഷം മെയിൽ ആരംഭിച്ച് രണ്ടു വർഷത്തിനകം ഇത് പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. കുളത്തുമ്മൽ വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ ഐബി സതീഷ് എംഎൽഎയും നെടുമങ്ങാട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലും അധ്യക്ഷന്മാരായി. ജില്ലാ കളക്ടർ ജെറോമിക് ജോർജ് സ്വാഗതം പറഞ്ഞു.  ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date