Skip to main content

2025 ഓടെ കേരളം ക്ഷയരോഗ വിമുക്തമാകും: മന്ത്രി വീണാ ജോർജ്

രാജ്യത്തുതന്നെ ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്തുന്ന സംസ്ഥാനമാണ് കേരളമെന്നും 2025 ഓടെ സംസ്ഥാനത്തെ ക്ഷയരോഗ വിമുക്തമാക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. സംസ്ഥാന തല ക്ഷയരോഗ ദിനാചരണം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഇ എം എസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷയരോഗ നിർണയം നടത്തുന്നതിനും ചികിത്സിച്ചു ഭേദമാക്കുന്നതിനുള്ള കർമ പരിപാടിക്ക് കേരളം വളരെ മുൻപേ തന്നെ തുടക്കം കുറിച്ചിട്ടുള്ളതാണ്. ഇതിന്റെ തുടർച്ചയായി നവകേരളം കർമ്മപദ്ധതി രണ്ടിന്റെ ഭാഗമായുള്ള ആർദ്രം പദ്ധതിയിലെ പത്ത് സുപ്രധാന ഘടകങ്ങളിൽ ക്ഷയരോഗനിവാരണം ഉൾപ്പെടുത്തി. കുട്ടികളിലും കൗമാരക്കാരിലും പ്രത്യേക ശ്രദ്ധ നൽകി രോഗനിർണയ പരിപാടികൾ നിലവിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തി വരികയാണ്.

രോഗനിർമ്മാർജനത്തിന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതിനോടൊപ്പം വ്യക്തിയുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ജീവിതശൈലി ക്രമീകരിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നൽകിവരുന്നു. കേരളം നടത്തുന്ന ഈ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2021 ൽ വെങ്കലവും 2022 ൽ വെള്ളിമെഡലും സംസ്ഥാനത്തിന് ലഭിച്ചു. ഇടുക്കി ജില്ലയിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ അയൽക്കൂട്ടങ്ങളിലുടെ നടത്തുന്ന ക്ഷയരോഗ നിർമാർജന പദ്ധതിയുടെ പ്രചരണ പരിപാടി അനുകരണീയമാണ്. നാലു കോടി 50 ലക്ഷം രൂപ  ക്ഷയരോഗബാധിതരുടെ ക്ഷേമത്തിന് ബാങ്ക് അക്കൗണ്ടിലൂടെ വിതരണം ചെയ്യാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ക്ഷയരോഗ ബാധിതരെ സഹായിക്കുന്നതിനായി പുറത്തിറക്കിയ തപാൽ സ്റ്റാമ്പിന്റെ സംസ്ഥാനതല വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. അഞ്ച് രൂപ വിലയുള്ള സ്റ്റാമ്പിന്റെ വിൽപ്പനയിലൂടെ ലഭിക്കുന്ന തുക ക്ഷയരോഗ ബാധിതരുടെ ക്ഷേമത്തിനായി വിനിയോഗിക്കും.

അഡ്വ.വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.രവീന്ദ്രൻ സ്വാഗതം ആശംസിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ എന്നിവർ മുഖ്യാതിഥിയായി. ഡോ. ആർ ശ്രീലതഡോ. കെ സക്കീനഡോ. ബിന്ദു മോഹൻഡോ. ആശ വിജയൻഡോ. എസ് വത്സലഡോ. എൻ സുൽഫി എന്നിവർ സംബന്ധിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യു ചടങ്ങിന് നന്ദി അറിയിച്ചു.

ജർമ്മൻ ശാസ്ത്രജ്ഞനായ സർ റോബർട്ട് കോക്ക് ക്ഷയരോഗത്തിന് കാരണമായ രോഗാണുവിനെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തിയതിന്റെ ഓർമ്മ പുതുക്കുന്ന ദിനമായി മാർച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നു. 'അതെ നമുക്ക് ക്ഷയരോഗത്തെ തുടച്ചുനീക്കാംഎന്നതാണ് ഈ വർഷത്തെ ക്ഷയരോഗദിന സന്ദേശം.

പി.എൻ.എക്‌സ്. 1451/2023

 

date