Skip to main content
.

ലോക ക്ഷയരോഗ ദിനാചരണം: ജില്ലാതല പരിപാടി വണ്ടിപെരിയാറില്‍ സംഘടിപ്പിച്ചു

ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല ദിനാചരണ പരിപാടി വണ്ടിപെരിയാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടന്നു. ദിനാചാരണ പരിപാടിയുടെയും തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്കായി തുടക്കമിടുന്ന 'ഇടുക്കിയിലെ തോട്ടങ്ങള്‍ ക്ഷയരോഗമുക്തമാകട്ടെ' എന്ന ക്യാമ്പയിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു നിര്‍വഹിച്ചു. ക്രിയാത്മകമായ പ്രവര്‍ത്തങ്ങള്‍ നടത്തുക വഴി സംസ്ഥാനത്ത് ഏറ്റവും കുറവ് ക്ഷയ രോഗികള്‍ ഉള്ള ജില്ലയായി മാറാന്‍ ഇടുക്കി ജില്ലയ്ക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. 2022 ലെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ 486 രോഗികളാണുള്ളത്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി മാലതി അധ്യക്ഷത വഹിച്ചു.

''അതെ നമുക്ക് ക്ഷയരോഗത്തെ തുടച്ചുനീക്കാം ' എന്നതാണ് 2023 ലെ ക്ഷയരോഗ ദിനത്തിന്റെ പ്രമേയം. ദേശീയ ശരാശരിയെ അപേക്ഷിച്ച് ക്ഷയരോഗ ബാധ കേരളത്തില്‍ കുറവാണെങ്കിലും ഇന്നും ക്ഷയരോഗം നമ്മുടെ ആരോഗ്യ മേഖലയിലെ വെല്ലുവിളിയായി തന്നെ തുടരുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ക്ഷയരോഗ മുക്ത കേരളം പദ്ധതി നടപ്പിലാക്കി വരുന്നു. ക്ഷയരോഗ നിവാരണം വേഗത്തില്‍ സാധ്യമാക്കുന്നതിന് ആരോഗ്യപ്രവര്‍ത്തകരോടൊപ്പം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജനപ്രതിനിധികളുടെയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമങ്ങളിലൂടെ ക്ഷയരോഗത്തെ കുറിച്ചുള്ള ശരിയായ അവബോധം പൊതുജനങ്ങളില്‍ എത്തിക്കുകയാണ് ക്ഷയരോഗ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ചടങ്ങില്‍ ടിബി ചാമ്പ്യന്മാരെയും നിക്ഷയ്മിത്രയെയും ആദരിച്ചു.

ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല ദിനാചരണപരിപാടിയുടെ ഭാഗമായി വണ്ടിപെരിയാര്‍ സെന്റ് ജോസഫ്സ് സ്‌കൂളില്‍ നിന്ന് വിപുലമായ ദിനാചരണ ബോധവത്കരണ റാലിയും സംഘടിപ്പിച്ചു. വണ്ടിപ്പെരിയാര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ സുനില്‍കുമാര്‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു. റാലി വണ്ടിപ്പെരിയാര്‍ ബസ് സ്റ്റാന്റില്‍ എത്തിയതോടെ കുട്ടിക്കാനം മരിയന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ് മോബും അവതരിപ്പിച്ചു.

പരിപാടിയില്‍ ജില്ലാ ടിബി ഓഫിസര്‍ ഡോ സെന്‍സി ബാബുരാജന്‍ സ്വാഗതം ആശംസിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ എല്‍ മനോജ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡോണ്‍ബോസ്‌കോ വിഷയാവതരണം നടത്തി. ജില്ലാ മാസ്സ് മീഡിയ ഓഫിസര്‍ തങ്കച്ചന്‍ ആന്റണി പ്രതിജ്ഞ ചൊല്ലികൊടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ, ജില്ലാ പഞ്ചായത്ത് അംഗം എസ് പി രാജേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്‍ സെല്‍വത്തായി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷയരോഗനിവാരണം പൊതുജനങ്ങള്‍ അറിയേണ്ടത് എന്ന വിഷയത്തില്‍ പീരുമേട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആനന്ദ് എം സെമിനാര്‍ നയിച്ചു.

ചിത്രം; 1. ലോക ക്ഷയരോഗ ദിനാചരണ ബോധവത്കരണ റാലി വണ്ടിപ്പെരിയാര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ സുനില്‍കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു
2. ലോക ക്ഷയരോഗ ദിനാചരണം, ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഉദ്ഘാടനം ചെയ്യുന്നു
3. ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി കുട്ടിക്കാനം മരിയന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഫ്‌ലാഷ് മോബ്

date