Skip to main content
AWARD

യുവാക്കളില്‍ ശാസ്ത്രീയ മനോഭാവവും യുക്തി ബോധവും വളര്‍ത്തണം: മന്ത്രി സജി ചെറിയാന്‍ 

 യുവാക്കളില്‍ ശാസ്ത്രീയ മനോഭാവവും യുക്തി ബോധവും വളര്‍ത്തണമെന്ന് യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച യുവജനങ്ങളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്നതിനായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഏര്‍പ്പെടുത്തിയ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന്റെ വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

കേരളം വിഞ്ജാനത്തിന്റെ കേന്ദ്രമായി മാറിയെങ്കിലും മുന്‍പ് ഇല്ലാത്ത വിധം ജാതി ബോധവും മത ബോധവും കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. ശാസ്ത്രവും യുക്തിയും സമൂഹിക ചരിത്രവും ഉള്‍ക്കൊള്ളുന്ന ഒരു യുവതയെ വളര്‍ത്തിയെടുക്കാന്‍ യുവജന ക്ഷേമ ബോര്‍ഡിന് സാധിക്കണം. യുവജന ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം ലോകത്തിനു തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. 

സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം, കല, സാഹിത്യം, കായികം, സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ വ്യക്തികള്‍ക്കാണ് പുരസ്‌ക്കാരം നല്‍കിയത്. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മികച്ച പ്രവര്‍ത്തനം നടത്തിയ യൂത്ത് ക്ലബ്ബുകള്‍ക്കും മികച്ച അവളിടം ക്ലബ്ബുകള്‍ക്കും പുരസ്‌ക്കാരം സമ്മാനിച്ചു.

50,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. ജില്ലയിലെ മികച്ച യൂത്ത്- യുവ- അവളിടം ക്ലബ്ബുകള്‍ക്ക് 30,000 രൂപയും സംസ്ഥാനത്തെ മികച്ച യൂത്ത്- യുവ- അവളിടം ക്ലബ്ബുകള്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും നല്‍കി. 

ആലപ്പുഴ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭാധ്യക്ഷ സൗമ്യ രാജ് എന്നിവര്‍ മുഖ്യാതിഥികളായി. വാര്‍ഡ് കൗണ്‍സിലര്‍ എ.എസ്. കവിത, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്. സതീഷ്, ജില്ല കോ- ഓര്‍ഡിനേറ്റര്‍ ജെയിംസ് ശാമുവേല്‍, ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബി. ഷീജ, യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതുല്‍ നറുകരയുടെ നേതൃത്വത്തില്‍ നാടന്‍ പാട്ടും ദൃശ്യ ആവിഷ്‌കാരവും അരങ്ങേറി.

സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം - 2021 (വിജയികള്‍)

സാമൂഹികപ്രവര്‍ത്തനം: കെ. ഷെഫീക്, മലപ്പുറം
ദൃശ്യമാധ്യമം: ആര്‍. രോഷിപാല്‍, കോഴിക്കാട്
കല: സി.പി. അനീഷ്, മലപ്പുറം
സാഹിത്യം: സുധീഷ് കോട്ടേമ്പ്രം, കോഴിക്കോട്
കായികം(പുരുഷന്‍): ആനന്ദ് കെ, കണ്ണൂര്‍
കായികം (വനിത): അപര്‍ണ്ണ റോയ്, കോഴിക്കോട്
കൃഷി: വി. വാണി ആലപ്പുഴ
സംരംഭകത്വം: ലക്ഷ്മി ആര്‍. പണിക്കര്‍, എറണാകുളം
ഫോട്ടോഗ്രാഫി: അനീഷ് ജയന്‍, എറണാകുളം

സംസ്ഥാനത്തെ മികച്ച യൂത്ത് ക്ലബ്ബ്:
റെഡ്സ്റ്റാര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ്, കൊവ്വല്‍, കണ്ണൂര്‍

സംസ്ഥാനത്തെ മികച്ച യുവ ക്ലബ്ബ്:
യുവ ചീരംഞ്ചിറ ചങ്ങനാശ്ശേരി, കോട്ടയം

സംസ്ഥാനത്തെ മികച്ച അവളിടം ക്ലബ്ബ്:
അവളിടം യുവതി ക്ലബ്ബ് കുളത്തൂര, തിരുവനന്തപുരം

date