ഓണക്കാലം പച്ചക്കറി സമൃദ്ധമാക്കാന്‍ കൃഷി വകുപ്പ് ഒരുങ്ങി ഓണത്തിന് 300ടണ്‍ പച്ചക്കറികള്‍, 141 ചന്തകള്‍
കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് 99 പച്ചക്കറി-പഴം ചന്തകളും ഹോര്‍ട്ടികോര്‍പ് 32 ചന്തകളും വിഎഫ് പിസികെ 10 ചന്തകളും ഓണക്കാലത്ത് ആരംഭിക്കും. ജില്ലാകളക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഈ മാസം 20 മുതല്‍ 24 വരെ അഞ്ച് ദിവസമാണ് ഓണചന്ത. 20ന് ജില്ലാതല ഉദ്ഘാടനം വേങ്ങേരിയില്‍ നടത്തും.കര്‍ഷകരില്‍ നിന്ന് നേരിട്ട് 36 മെട്രിക് ടണ്‍ പച്ചക്കറി സംഭരിക്കാനാകുമെന്നാണ് പ്രതീക്ഷ. കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നാടന്‍പച്ചക്കറികള്‍ വിപണി വിലയേക്കാള്‍ 10ശതമാനം അധികം തുക കര്‍ഷകര്‍ക്ക് നല്‍കി സംഭരിച്ച് 30 ശതമാനം വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് നല്‍കും. ഹോട്ടികോര്‍പ്പില്‍ നിന്നും കൃഷിഭവനുകള്‍ വഴി 125 ടണ്ണും വിഎഫ് പിസികെ സ്റ്റാളുകള്‍ വഴി 10 ടണ്ണും ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകള്‍ വഴി 170 ടണ്ണും പച്ചക്കറികള്‍ വില്‍പ്പന നടത്തും. കീടനാശിനികള്‍ ഉപയോഗിക്കാത്ത പച്ചക്കറി-പഴവര്‍ഗങ്ങള്‍ കര്‍ഷകരില്‍ നിന്ന് 20ശതമാനം അധിക വിലനല്‍കി ശേഖരിച്ച് 10ശതമാനം വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. മേളകളില്‍ ഹരിതച്ചട്ടം കര്‍ശനമായി പാലിക്കും . തുണിസഞ്ചികളില്‍ വിതരണം ചെയ്യും.
ഇതിനു പുറമേ കുടുംബശ്രീ 35 സിഡിഎസ് പരിധിയില്‍ പച്ചക്കറി വിപണനമേള നടത്തും. കാവിലും പാറ തൊട്ടില്‍പാലത്ത് രണ്ട് ദിവസത്തെ കര്‍ഷകമേള സംഘടിപ്പിക്കും. കാര്‍ഷികമേള, നാടന്‍ ഭക്ഷ്യമേള, ആട് ചന്ത എന്നിവയും മേളയിലുണ്ടാകും.
യോഗത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ ടി ലീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡപ്യൂട്ടിഡയറക്ടര്‍ (ഹോര്‍ട്ടികോര്‍പ്) എച്ച് സുരേഷ് , അസിസ്റ്റന്റ് ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് എം പ്രദീപ്, ഹോര്‍ട്ടികോര്‍പ് റീജ്യണല്‍ മാനേജര്‍ ടി ആര്‍ ഷാജി, കുടുംബശ്രീ കൃഷി പ്രതിനിധി കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments