Skip to main content

മാലിന്യ സംസ്‌കരണത്തില്‍ ശാസ്ത്രീയവും വ്യക്തവുമായ കാഴ്ചപ്പാട് വേണം: മേയര്‍ അഡ്വ.എം.അനില്‍കുമാര്‍

പൊതുജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും മാലിന്യ സംസ്‌കരണത്തെക്കുറിച്ച് ശാസ്ത്രീയവും വ്യക്തവുമായ കാഴ്ചപ്പാട് വേണമെന്ന് മേയര്‍ അഡ്വ.എം.അനില്‍കുമാര്‍. മാലിന്യ സംസ്‌ക്കരണത്തിന്റെ ഏറ്റവും ശാസ്ത്രീയമായ രീതി പിന്തുടരാനും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്താനും ഭരണാധികാരികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.  എറണാകുളം മറൈന്‍ഡ്രൈവില്‍ എന്റെ കേരളം പ്രദര്‍ശന വിപണമേളയോടാനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മാലിന്യ സംസ്‌കരണം - മുന്നോട്ടുള്ള പാത എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മേയര്‍. 

മാലിന്യ സംസ്‌ക്കരണം സര്‍ക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ മാത്രം ഉത്തരവാദിത്തം അല്ലെന്നും പൊതു ജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്നും മുഖ്യാതിഥിയായി പങ്കെടുത്ത ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് പറഞ്ഞു.

കോളേജിയേറ്റ് എഡ്യൂക്കേഷന്‍ റിട്ട.ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ.പി.കെ രവീന്ദ്രന്‍ സെമിനാറിന്റെ മോഡറേറ്റര്‍ ആയിരുന്നു. മാലിന്യ നിര്‍മാര്‍ജനത്തില്‍ സംസ്ഥാനത്തിന്റെ നയം, ആരോഗ്യം, നിയമനടപടികള്‍, മുന്നോട്ടുള്ള സാധ്യതകള്‍ എന്നി വിഷയങ്ങള്‍ അടിസ്ഥാനമാക്കി പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. മാലിന്യ സംസ്‌ക്കരണത്തിന് പല മാതൃകകള്‍ ഉണ്ടെന്നും അതില്‍ നമ്മുടെ നാടിന് അനുയോജ്യമായതു തിരഞ്ഞെടുക്കണമെന്നും ജൈവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌ക്കരിക്കുന്നതാണ് അഭികാമ്യമെന്നും ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു. 
മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത് അതിന്റെ ഭൗതീക - രാസഗുണങ്ങളെ അടിസ്ഥാനമാക്കിയാകണം. അജൈവ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ പ്ലാന്റുകള്‍ അത്യാവശ്യമാണ്. എങ്കിലും സംസ്‌കരിക്കാനാകുന്ന മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌ക്കരിക്കുമ്പോള്‍ പ്ലാന്റുകളിലെത്തുന്ന മാലിന്യങ്ങളുടെ അളവ് കുറയും. ജനങ്ങളില്‍ രോഗവസ്ഥ കൂടുന്നതില്‍ മാലിന്യങ്ങള്‍ക്കും പങ്കുണ്ട്. അശാസ്ത്രീയമായ മാലിന്യ നിര്‍മാര്‍ജനം ആളുകളെ രോഗികളാക്കും. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന യുവ തലമുറയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം മാലിന്യനിര്‍മാര്‍ജത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.  ഹരിത കേരളം മിഷന്‍ മുന്‍ ജില്ലാ കോ ഓഡിനേറ്റര്‍ സുജിത്ത് കരുണ്‍, അതിഥിമിത്രം പ്രോജക്ട്-ഇന്‍ചാര്‍ജും മെഡിക്കല്‍ ഓഫീസറും നോഡല്‍ ഓഫീസറും ആയ ഡോ. അഖില്‍ മാനുവല്‍, ചേര്‍ത്തല നഗരസഭ സെക്രട്ടറി ടി.കെ സുജിത്ത്, നോര്‍ത്താംപ്‌സ് ഇ.എന്‍.വി സൊല്യൂഷന്‍സ് സി.ഇ.ഒ സക്കറിയ ജോയ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഏലൂര്‍ നഗരസഭ ചെയര്‍മാന്‍ എ.ഡി. സുജില്‍, തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.എം ഷഫീക്ക്,
നവകേരള മിഷന്‍ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ എസ്.രഞ്ജിനി,
എന്നിവര്‍ പങ്കെടുത്തു.

date