Skip to main content
എന്റെ കേരളം പ്രദർശന നഗരിയിൽ പൊലീസ് നായ്ക്കളുടെ അഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിച്ചപ്പോൾ

അഭ്യാസം കാട്ടി പൊലീസ് നായ്ക്കൾ; ആവേശത്തിൽ ജനം

കൊച്ചിയെ ആവേശത്തിൽ ആറാടിച്ച് ശ്വാന സുന്ദരികളും സുന്ദരന്മാരും. മറൈൻഡ്രൈവിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷനിലാണ് കേരള പൊലീസിന്റെ ഡോഗ് സ്ക്വാഡിലെ നായ്ക്കളുടെ അഭ്യാസ പ്രകടനം സംഘടിപ്പിച്ചത്. മണം പിടിച്ച് കുറ്റവാളികളെയും സ്ഫോടക വസ്തുക്കളുമെല്ലാം കണ്ടെത്തുന്ന നായ്ക്കളെ നേരിട്ട് കാണാനും അഭ്യാസ പ്രകടനം ആസ്വദിക്കാനും നൂറുകണക്കിന് പേരാണ് പ്രദർശന നഗരിയിൽ ഒത്തു ചേർന്നത്.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പൊലീസ് നായ്ക്കളുടെ അഭ്യാസ പ്രകടനങ്ങൾ അരങ്ങേറിയത്. ഇതിനായി പ്രധാന വേദിക്ക് സമീപം പ്രത്യേക വേദി തന്നെ ഒരുക്കിയിരുന്നു. പെട്ടിമുടി ദുരന്തത്തിൽ നിരവധി മൃതദേഹങ്ങൾ കണ്ടെത്താൻ രക്ഷാപ്രവർത്തകരെ സഹായിച്ച എറണാകുളം സിറ്റി പൊലീസിന്റെ കഡാവർ ഡോഗായ മായ, സ്ഫോടക വസ്തുക്കൾ കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളായ എറണാകുളം റൂറൽ പൊലീസിന്റെ അർജുൻ, തൃശൂർ സിറ്റിയുടെ ആനി, ആലപ്പുഴയുടെ ജാമി, എറണാകുളം സിറ്റിയുടെ ജാമി, ലഹരിവസ്തുക്കൾ പിടികൂടാൻ പരിശീലനം ലഭിച്ച  ആലപ്പുഴ പൊലീസിന്റെ ലിസി, പാലക്കാട് പൊലീസിന്റെ ബെറ്റി, കുറ്റവാളികളെ കണ്ടെത്താൻ പരിശീലനം ലഭിച്ച ട്രാക്കർ നായ്ക്കളായ  എറണാകുളം സിറ്റിയുടെ  സോന, മലപ്പുറം പൊലീസിന്റെ  ജീത്തു എന്നിവരായിരുന്നു അഭ്യാസപ്രകടനങ്ങൾ കാഴ്ചവെച്ചത്. നിറഞ്ഞ കൈയടികളോടെയാണ് ഓരോ പ്രകടനവും പൊതുജനങ്ങൾ സ്വീകരിച്ചത്.

ലഭ്യമായ തെളിവുകൾ ഉപയോഗിച്ച് കുറ്റവാളികളെ മണത്ത് പിടിക്കുന്നതും ലഹരി വസ്തുക്കളും സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതുമെല്ലാം നേരിട്ട് കാണാൻ കഴിഞ്ഞത് കൊച്ചിക്കാർക്ക് കൗതുകമായി. ഏറ്റവും നന്ദിയുള്ള ജീവി എന്ന വിശേഷണം അന്വർത്ഥമാക്കുന്ന തരത്തിൽ നായ്ക്കൾക്ക് ഹാന്റ്ലർമാരുമായുളള (പരിശീലകർ) ഇഴ പിരിയാത്ത ബന്ധവും കരുതലുമെല്ലാം വൈകാരിക അനുഭവമായിരുന്നു. ഡോഗ് സ്ക്വാഡിലുള്ള ഉദ്യോഗസ്ഥരെ കൂടാതെ പൊതു ജനങ്ങളെയും പങ്കാളികളാക്കിയായിരുന്നു അഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിച്ചത്. ഹർഡിൽ, തീ വളയം എന്നിങ്ങനെയുള്ള പ്രതിബന്ധങ്ങൾ ചാടിക്കടക്കുന്നതും ഉൾപ്പടെ നായ്ക്കളുടെ ശാരീരിക ക്ഷമത കാണിക്കുന്ന അഭ്യാസ പ്രകടനങ്ങളും  അവതരിപ്പിച്ചിച്ചു.

അഭ്യാസ പ്രകടനങ്ങൾക്ക് ശേഷം കൂട്ടത്തിൽ കുഞ്ഞനായ ടെഡിയുടെയും കാരണവർമാരായ ലിസി, ബെറ്റി എന്നിവരുടെയും ബെൽജിയം മാൽനോയ്സ് ഇനത്തിൽ പെട്ട മറ്റു നായ്ക്കളെയുമെല്ലാം തൊടാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും നിരവധി പേരായിരുന്നു തിരക്ക് കൂട്ടിയത്. കോ-ഓഡിനേറ്റർമാരായ ഒ.പി മോഹനൻ, ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ 18 ഹാന്റ്ലർമാരായിരുന്നു നായ്ക്കളെ പ്രകടനത്തിന് ഒരുക്കിയത്. വരും ദിവസങ്ങളിലും നായ്ക്കളുടെ പ്രദർശനം സംഘടിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.

date