Skip to main content
സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എൻ്റെ കേരളം വിപണനമേളയിൽ ജാസി ഗിഫ്റ്റിൻ്റെ സംഗീത നിശ

മറൈൻ ഡ്രൈവിൽ പെയ്തിറങ്ങി ജാസി ഗിഫ്റ്റ് മ്യൂസിക് ബാന്റ് 

 

നല്ലൊരു മഴപോലെ പതുക്കെ തുടങ്ങി അങ്ങ് പെയ്തിറങ്ങുകയായിരുന്നു ജാസി ഗിഫ്റ്റും സംഘവും മറൈൻ ഡ്രൈവിലെ എന്റെ കേരളം മെഗാ  പ്രദർശന വിപണന മേളയിൽ. 

'മണിക്കിനാവിൻ കൊതുമ്പുവള്ളം' എന്ന മെലഡിയിൽ തുടങ്ങിയ ജാസി ഗിഫ്റ്റ് തന്റെ മാസ്റ്റർ പീസുകളിൽ ഒന്നായ 'അഴകാലില  മഞ്ഞച്ചരടിലെ പൂത്താലി' എന്ന ഗാനതിലേക്ക് കടന്നപ്പോൾ കരഘോഷങ്ങളിൽ വേദി മുങ്ങി. പിന്നീടത് 'അന്നക്കിളി'യിൽ എത്തിയപ്പോൾ ആവേശച്ചുവടുകൾക്ക് വഴിമാറി. 

'തെമ്മാ തെമ്മാ തെമ്മാടിക്കാറ്റ്' എന്ന പാട്ട് ജാസിയ്ക്കും സംഘത്തിനുമൊപ്പം വേദിയും ഏറ്റു പാടി. വൈറൽ ഗാനമായ 'പാലാപ്പള്ളി തിരുപ്പള്ളി' ജാസിയുടെ ശബദത്തിലെത്തിയപ്പോൾ അതൊരു വേറിട്ട അനുഭവമായി. 

ഒടുവിൽ അക്ഷമരായി കാത്തിരുന്നവർക്ക് മുൻപിലേക്ക് 'ലജ്ജാവതിയെ' എത്തി. മറൈൻ ഡ്രൈവിൽ അണിനിരന്ന ജനസാഗരത്തെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കാൻ മറ്റൊന്നും വേണ്ടിയിരുന്നില്ല.  ആവേശം അലതല്ലിയ രണ്ട് മണിക്കൂറുകൾ കൊച്ചിയ്ക്ക് സമ്മാനിച്ചുകൊണ്ട് അവസാനം സംഗീത നിശയ്ക്ക് പരിസമാപ്തിയായി. 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്
ഏപ്രില്‍ എട്ടു വരെ നടക്കുന്ന മേളയില്‍  ഏപ്രിൽ ഏഴിനൊഴികെ എല്ലാ ദിവസവും വൈകിട്ട്  പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ മൂന്നിന് പ്രശസ്ത പിന്നണി ഗായകരായ ദുര്‍ഗ വിശ്വനാഥ് - വിപിന്‍ സേവ്യര്‍ എന്നിവരുടെ ഗാനമേള, ഏപ്രില്‍ നാലിന് താമരശ്ശേരി ചുരം മ്യൂസിക് ബാന്‍ഡിന്റെ പരിപാടി, ഏപ്രില്‍ അഞ്ചിന്  അലോഷി പാടുന്നു, ഏപ്രില്‍ ആറിന് ആട്ടം ചെമ്മീന്‍ ബാന്‍ഡിന്റെ ഫ്യൂഷന്‍ പരിപാടി, ഏപ്രില്‍ എട്ടിന് ഗിന്നസ് പക്രുവിന്റെ മെഗാ ഷോ തുടങ്ങിയ പരിപാടികളാണ് നടക്കുക.

date