Skip to main content
നിപ്മെർ റിഹാബ് ഫെസ്റ്റിന്റെയും വിവിധ പദ്ധതികളുടെയും ഉദ്‌ഘാടനം മന്ത്രി ഡോ. ആർ ബിന്ദു  നിർവഹിക്കുന്നു

ഓട്ടിസം ബാധിച്ചവർക്ക് ശാസ്ത്രീയമായ പിന്തുണ നൽകണം: മന്ത്രി ഡോ. ആർ ബിന്ദു

ഭിന്നശേഷിക്കാരുടെ വ്യത്യസ്തമായ ശേഷികളുടെ വികാസമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അവർക്ക് ശാസ്ത്രീയമായ പിന്തുണ നൽകണമെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സാമൂഹ്യനീതി വകുപ്പിന് കീഴിലെ ഭിന്നശേഷി പുനരധിവാസ കേന്ദ്രമായ നിപ്മെർ ഒരുക്കിയ റിഹാബ് ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഓട്ടിസത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി എടുക്കാനാണ് സാമൂഹ്യനീതി വകുപ്പ് ശ്രമിക്കുന്നത്. ഓട്ടിസം ബാധിച്ചവർക്ക് ശാസ്ത്രീയ പിന്തുണ നൽകേണ്ടതുണ്ട്. ഭിന്നശേഷിക്കാരുടെ വ്യത്യസ്തതകൾ മനസ്സിലാക്കി ശേഷികൾ വികസിപ്പിക്കാൻ പിന്തുണ നൽകുകയാണ് ലക്ഷ്യം. തനിച്ചല്ല നിങ്ങ ൾ ഒപ്പമുണ്ട് ഞങ്ങൾ എന്ന സന്ദേശമാണ് സാമൂഹ്യനീതി വകുപ്പ് നൽകുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ലോക ഓട്ടിസം ദിനത്തിൽ നിപ്മെർ തിളങ്ങുന്ന അധ്യായം എഴുതിച്ചേർക്കുകയാണ്. വികസനത്തിന്റെ കുതിച്ചു ചാട്ടമാണ് നിപ്മർ നടത്തിയത്. ഭിന്നശേഷിക്കാർക്ക്‌ തൊഴിലവസരം നൽകുകയും അവരുടെ ഉത്പന്നങ്ങളുടെ വിതരണം നടത്തുകയും ചെയ്യുന്ന സൂപ്പർമാർക്കറ്റ് ഇവിടെയുണ്ട്. കണ്ണ് സംബന്ധമായ പ്രശ്നങ്ങൾക്ക് ഓപ്‌ട്ടോമെട്രി യൂണിറ്റിന് 12.52 ലക്ഷം രൂപയും സ്പോർട്സ് ആൻഡ് ഗെയിംസ് സോണിന്
41.35 ലക്ഷം രൂപയും ബേക്കിംഗ് യൂണിറ്റിന് 9.03 രൂപയും നൽകി. അക്വാട്ടിക് കേന്ദ്രത്തിന്  41.51 ലക്ഷം രൂപയും മലിനജല ട്രീറ്റ്മെന്റ് കേന്ദ്രത്തിന് 4.5 ലക്ഷം രൂപയും വകുപ്പ് നൽകി. 19 സ്പെഷ്യൽ ഡി. എഡ് വിദ്യാർത്ഥികൾ ഇവിടെ നിന്നും ബിരുദം നേടിയതായും മന്ത്രി പറഞ്ഞു .

പരിപാടിയുടെ ഭാഗമായി വിവിധ വികസന പദ്ധതികളുടെ സമർപ്പണം, ബിരുദദാന ചടങ്ങ്, ഓട്ടിസം ബോധവത്കരണ ക്ലാസ് എന്നിവയും നടക്കുകയുണ്ടായി. സിമുലേഷൻ സൂപ്പർ മാർക്കറ്റ്,
 ഒപ്റ്റോമെട്രി യൂണിറ്റ്, ഭിന്നശേഷി ക്കാരുടെ മാനസിക ഉല്ലസ്സത്തിനും തെറാപ്പിക്കുമായി സ്പോർട്സ് ആൻഡ് ഗെയിംസ് ആക്ടിവിറ്റി സോൺ, അക്വട്ടിക് റിഹാബ്‌ സംവിധാനം, ബേക്കിംഗ് യൂണിറ്റ്, മലിന ജല സംസ്കരണത്തിന് വേണ്ടി മലിന ജല ട്രീറ്റ്മെന്റ് സിസ്റ്റം എന്നീ പദ്ധതികൾ മന്ത്രി ഉത്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായി. കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ ഷിബു, എംജി സർവകലാശാല ഐയുസിഡിഎസ് ഡയറക്ടർ ഡോ. പി ടി ബാബുരാജ് എന്നിവർ വിശിഷ്ടാതിഥികളായി. സിനിമാ താരം അഞ്ജലി എസ് നായർ, മാളാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസൻ,  ഇസാഫ് സ്ഥാപകൻ കെ പോൾ തോമസ്, ജേക്കബ് സാമുവൽ, അലോക് തോമസ് പോൾ, ആളൂർ ഗ്രാമപഞ്ചായത്ത് അംഗം മേരി ഐസക്ക് തുടങ്ങിയവർ സന്നിഹിതരായി.

നിപ്മെർ എക്സിക്യൂട്ടീവ് ഡയറക്ടർ സി ചന്ദ്രബാബു സ്വാഗതവും സ്പെഷ്യൽ അക്കാഡമിക് ഓഫിസർ കെ എസ് വിജയലക്ഷ്മി നന്ദിയും പറഞ്ഞു.

date