Skip to main content
പട്ടിക്കാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ലാബ് , ലൈബ്രറി എന്നിവയുടെ നിർമ്മാണ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിക്കുന്നു

പട്ടിക്കാട് സ്കൂളിന് ലാബ്, ലൈബ്രറി കെട്ടിടങ്ങൾ

ഒല്ലൂർ നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ ഹബ് ആയി പട്ടിക്കാട് മാറുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. നവകേരള സൃഷ്ടിയുടെ മൂലധനം ആയി സർക്കാർ കരുതുന്നത് വിദ്യാഭ്യാസത്തെ ആണെന്നും പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലാബ്, ലൈബ്രറി കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്ത് മന്ത്രി കെ രാജൻ പറഞ്ഞു.

കേരളത്തിലെ വിദ്യാഭ്യാസരംഗം വിദ്യാകിരണത്തിലൂടെ പുതിയ തലത്തിലേക്ക് ഉയരുകയാണ്. സയൻസ് ലാബുകൾക്ക് പുറമെ ഭാഷാ ലാബുകൾ കൂടി എത്തുന്ന കാലം വിദൂരമല്ല. ഉദ്ഘാടനം കഴിഞ്ഞ ലാബ് കെട്ടിടത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ ലബോറട്ടറി സജീകരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി. നിലവിലെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നാല് കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്. വികസന പ്രവർത്തനങ്ങളിൽ മനുഷ്യത്വമുഖമാണ് കേരളം ഉയർത്തി പിടിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാലയങ്ങളെല്ലാം മികവിന്റെ കേന്ദ്രങ്ങൾ ആക്കുക എന്ന ലക്ഷ്യത്തോടെ സർക്കാരിൻറെ 2022ലെ പ്ലാൻ ഫണ്ട് വിഹിതം ഉപയോഗിച്ചാണ് പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലാബ്, ലൈബ്രറി കെട്ടിടനിർമ്മാണം നടത്തിയത്. ഒരു കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ അധ്യക്ഷനായി. പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ പി വി ബിജി റിപ്പോർട്ട് അവതരണം നടത്തി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ ടി ജലജൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി അനിത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബൈദ അബൂബക്കർ, പിടിഎ പ്രസിഡണ്ട് ജയ്സൺ സാമുവൽ, പ്രിൻസിപ്പാൾ എസ് എസ് സിന്ധുഷ, പ്രധാനാധ്യാപിക എ എം സീമ, മറ്റ് ജനപ്രതിനിധികൾ, സ്കൂൾ അധികൃതർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

date