Skip to main content

ഭൂമി വില്‍ക്കാന്‍ തയ്യാറുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാനത്തെ പട്ടികവര്‍ഗത്തില്‍പ്പെട്ട ഭൂരഹിത കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നതിനായി ഇടുക്കി ജില്ലയില്‍ ഭൂമി വില്‍ക്കാന്‍ തയ്യാറുള്ള ഭൂവുടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ആദിവാസി പുനരധിവാസ വികസന മിഷന്‍ (ടി.ആര്‍.ഡിഎം) ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഖേന ഭൂമി വാങ്ങുന്നതിന് ഉടമസ്ഥര്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള വാസയോഗ്യമായ ഭൂമി വില്‍ക്കാന്‍ തയ്യാറെന്ന സമ്മതപത്രം ഉള്‍പ്പെടുത്തി നിശ്ചിത ഫോറത്തില്‍ പ്രൊജക്റ്റ് ഓഫീസര്‍, ഐ.ടി.ഡി.പി., ഇടുക്കി, ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍, അടിമാലി എന്നിവര്‍ക്ക് അപേക്ഷ നല്‍കണം. വിദ്യാഭ്യാസ/ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ ഉള്ളതായിരിക്കണം ഭൂമി. ആദായമുള്ള ഭൂമി, നിരപ്പായ ഭൂമി, വെള്ളക്കെട്ടില്ലാത്ത ഭൂമി എന്നീ ഘടകങ്ങളും പരിഗണിക്കും. കുറഞ്ഞത് ഒരേക്കര്‍ വരെയുള്ള ഭൂമിയുടെ ഉടമസ്ഥര്‍ക്ക് വില്‍പ്പനക്കായി അപേക്ഷിക്കാം.
സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ക്കും സര്‍ക്കാര്‍ ഭൂമി വാങ്ങല്‍ സംബന്ധിച്ച നിയമനിബന്ധനകള്‍ക്കും വിധേയമായിട്ടായിരിക്കും പദ്ധതി. ഭൂമി തെരഞ്ഞെടുക്കുക, ഗുണനിലവാരം നിശ്ചയിക്കുക, അതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ പരിഗണിക്കുകയോ നിരസിക്കുകയോ ചെയ്യുക എന്നിവക്ക് ജില്ലാ കളക്ടര്‍ക്ക് വിവേചനാധികാരം ഉണ്ടായിരിക്കും. തര്‍ക്കങ്ങളുണ്ടായാല്‍ സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിന്റെ തീരുമാനം അന്തിമമായിരിക്കും. ഭൂമി വില്‍ക്കാന്‍ താല്‍പര്യമുള്ള ഭൂവൂടമകള്‍ക്ക് ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസില്‍ നിന്നും അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 29. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222399, 04864 224399.

--

 

 

date