Skip to main content

ഫ്രീഡം ഫെസ്റ്റ് 2023: വെബ്സൈറ്റ് ഉദ്ഘാടനം

        വിജ്ഞാന സ്വാതന്ത്ര്യ രംഗത്തെ പ്രവർത്തകരും സംഘടനകളും സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെ ഫ്രീഡം ഫെസ്റ്റ് 2023’ ഓഗസ്റ്റ് 12 മുതൽ 16 വരെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്നു. വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ ജനപക്ഷ വികസന ബദൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാജ്യാന്തര സമ്മേളനത്തിന്റെ വെബ്സൈറ്റ് ഏപ്രിൽ 13ന് വൈകീട്ട് 3ന് തിരുവനന്തപുരം പ്രസ് ക്ലബ് ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ.പി. വി. ഉണ്ണിക്കൃഷ്ണൻ, സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ കെ അനൂപ് അംബിക, സി-ഡിറ്റ് ഡയറക്ടർ ജയരാജ്.ജി, കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത്, ഡി.എ.കെ.എഫ് ജനറൽ സെക്രട്ടറി ടി ഗോപകുമാർ തുടങ്ങിയവർ സംബന്ധിക്കും.

        ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഭാഗമായി ഡിജിറ്റൽ ടെക്നോളജി, സ്റ്റാർട്ടപ്പുകളും ഇന്നോവേഷനുകളും, ഇന്നോവേഷനും സാമൂഹവും, മെഡിടെക്, എഡ്യൂടെക്, മീഡിയടെക്, ഇ-ഗവേണൻസ്, ഓപ്പൺ ഹാർഡ് വെയർ, ടെക്നോ-ലീഗൽ ഫ്രെയിംവർക്ക്, അഗ്രിടെക്, ഫിൻടെക്, ഇന്റർനെറ്റ് ഗവേണൻസ് തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച്  സെമിനാറുകളും ചർച്ചകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

പി.എൻ.എക്‌സ്. 1692/2023

date