Skip to main content

ധീരന്‍മാര്‍ക്ക് ജില്ലയുടെ ആദരം

ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ കുട്ടികളെ ജില്ലാ ശിശുക്ഷേമ സമിതി ആദരിച്ചു. കളക്ടറേറ്റില്‍ നടന്ന  അനുമോദനച്ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉപഹാരങ്ങള്‍ നല്‍കി. ഉമ്മര്‍ മുക്താര്‍, മുഹമ്മദ് അംറാസ്, അഹമ്മദ് ഫാസ്, മുഹമ്മദ് ഇര്‍ഫാന്‍, ഋതുജിത് എന്നിവരെയാണ് ജില്ലാകളക്ടര്‍ അനുമോദിച്ചത്.
വീടിനടുത്തുള്ള ചോലക്കുളത്തില്‍ അപകടത്തില്‍പ്പെട്ട മൂന്നുപേരെ രണ്ടാള്‍ പൊക്കത്തിലുള്ള വെള്ളത്തിലേക്ക് ചാടി രക്ഷപ്പെടുത്തിയതിനാണ് ഉമ്മര്‍ മുക്താര്‍ ധീരതയ്ക്കുള്ള അവാര്‍ഡിന് അര്‍ഹനായത്. കാലുകൊണ്ട് തള്ളിനീക്കിയാണ് മൂന്നുപേരെയും ഉമ്മര്‍ മുക്താര്‍ രക്ഷിച്ചത്. കുളത്തില്‍ മുങ്ങിത്താണുപോയ കര്‍ഷകനെ കുളത്തിലേക്ക് ചാടി രക്ഷിച്ചതിനാണ് മുഹമ്മദ് അംറാസ് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാര്‍ഡിന് അര്‍ഹനായത്. കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് വിദ്യാര്‍ഥികളെ അതിസാഹസികമായി രക്ഷപ്പെടുത്തിയതിനാണ്   അഹമ്മദ് ഫാസും  മുഹമ്മദ് ഇര്‍ഫാനും ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയത്. തെങ്ങിന് മുകളില്‍ കുടുങ്ങിപ്പോയ തൊഴിലാളിയെ തെങ്ങില്‍ കയറി സുരക്ഷിതമായി താഴെ ഇറക്കിയാണ് ഋതുജിത്ത് തന്റെ ധീരത തെളിയിച്ചത്. വീട്ടിലെ തെങ്ങുകയറാനുള്ള ഉപകരണമുപയോഗിച്ചാണ് ഈ വിദ്യാര്‍ഥി തെങ്ങില്‍ കയറി തൊഴിലാളിയെ രക്ഷിച്ചത്.  
ചടങ്ങില്‍ അസി. ഡവലപ്പ്മെന്റ് ഓഫീസര്‍ പി. ബൈജു അധ്യക്ഷത വഹിച്ചു. ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി വി.ആര്‍ യശ്പാല്‍, ട്രഷറര്‍ പി. സതീശന്‍, വൈസ് പ്രസിഡന്റ് ദീപ ഗോപിനാഥ്, എക്സി. അംഗം ടി. മീനാറാണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date