Skip to main content

സ്ത്രീകളുടെ ക്ഷേമമെന്നത്  സമൂഹത്തിന്റെ പൊതുവായ ക്ഷേമമാണെന്ന് അബ്ദുസ്സമദ് സമദാനി

സ്ത്രീകള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ത്രാണി ഉറപ്പുവരുത്തേണ്ടത് ഒരു ക്ഷേമരാജ്യത്തിന്റെ ഉത്തരവാദിത്വമാണെന്ന് എം.പി അബ്ദുസ്സമദ് സമദാനി എം.പി. വിദ്യാഭ്യാസം നേടുകയും സ്വന്തമായൊരു തൊഴില്‍ നേടുകയും ചെയ്യുമ്പോഴാണ് സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ ക്ഷേമമെന്നത് സമൂഹത്തിന്റെ പൊതുവായ ക്ഷേമത്തിന്റെ ഭാഗമാണെന്ന് സമദാനി പറഞ്ഞു. പുരുഷകേന്ദ്രിതമായ സാമൂഹിക വ്യവസ്ഥയില്‍ മാറ്റമുണ്ടാകണമെങ്കില്‍ പുരുഷന്‍മാരുടെ മനോഭാവത്തില്‍ കൂടി മാറ്റം വരണം. സ്ത്രീയും പുരുഷനും തമ്മിലുള്ള പാരസ്പര്യത്തിലൂടെയാണ് അത് സാധ്യമാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരായ വനിതകളെ ചടങ്ങില്‍ ആദരിച്ചു. ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. അഡ്വ. സുജാത വര്‍മ, നിലമ്പൂര്‍ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. പ്രവീണ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. പി.ടി ഗ്രൂപ്പ് ഡയറക്ടര്‍ പി.ടി അബ്ദുസലാം മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എ കരീം, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ സറീന ഹസീബ്, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ നസീബ അസീസ്, ജില്ലാപഞ്ചായത്ത് അംഗം സുധീര്‍ ബാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍.എ അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

 (ഫോട്ടോ സഹിതം)

date