Skip to main content

കോളറ പ്രതിരോധം: സബ് കളക്ടറും സംഘവും സ്ഥലം സന്ദര്‍ശിച്ചു

 ജില്ലയില്‍ വഴിക്കടവ് പഞ്ചായത്തില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി  പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദര്‍ശിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ.രേണുക, വഴിക്കടവ് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, പൊലീസ്, വാട്ടര്‍ അതോറിറ്റി, ജലനിധി തുടങ്ങിയവര്‍ അടങ്ങുന്ന സംഘം കാരക്കോടന്‍ പുഴയും രോഗം ബാധിച്ച സ്ഥലങ്ങളും സന്ദര്‍ശിച്ചു. ശേഷം സബ് കളക്ടറുടെ നേതൃത്വത്തില്‍ വഴിക്കടവ് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേരുകയും പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിനായി വകുപ്പ് തല പ്രവര്‍ത്തനങ്ങള്‍  ഏകോപിപ്പിക്കുകയും ചെയ്തു.
മലിനമായ കാരക്കോടന്‍ പുഴ യുദ്ധകാലടിസ്ഥാനത്തില്‍ വൃത്തിയാക്കുന്നതിനും ജലനിധിയില്‍ നിന്നും വിതരണം ചെയ്യുന്ന കുടിവെള്ളം അണുവിമുക്തമാക്കുന്നതിനും തീരുമാനിച്ചു. പുഴയുടെ സമീപപ്രദേശങ്ങളില്‍ ഉള്ള ഹോട്ടലുകളില്‍ നിന്നും താമസസ്ഥലങ്ങളില്‍ നിന്നുള്ള മലിനജലം പുഴയിലേക്ക് ഒഴുക്കുന്നത് നിര്‍ത്തുന്നതിനും മാലിന്യനിര്‍മാര്‍ജനത്തിന് പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു.
ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ്, പോലീസ്, പഞ്ചായത്ത് അടങ്ങുന്ന സംഘം പരിശോധിച്ച് മലിന ജലം പുഴയിലേക്ക് ഒഴുകുന്ന സ്ഥാപനങ്ങള്‍ അടയ്ക്കുന്നതിന് വേണ്ട നിര്‍ദ്ദേശം നല്‍കി. ഗ്രാമപഞ്ചായത്ത്, വാട്ടര്‍ അതോറിറ്റി, ജലനിധി, പോലീസ്, ആരോഗ്യവകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങി വിവിധ വകുപ്പുകള്‍ക്ക് ചുമതല നല്‍കി.
ജില്ലയില്‍ ഇന്ന് വരെ 10 പേര്‍ക്ക് കോളറ രോഗം സ്ഥിരീകരിക്കുകയും, 45 പേര്‍ സമാനരോഗ ലക്ഷണങ്ങളോട് കൂടി ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 20 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്

date