Skip to main content

ബേട്ടി ബചാവോ ബേട്ടി പഠാവോ പ്രചാരണ പരിപാടികള്‍ക്ക് മഞ്ചേരിയില്‍ തുടക്കമായി

 

 

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനു കീഴിലുള്ള പാലക്കാട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിക്കുന്ന ത്രിദിന ബേട്ടീ ബചാവോ ബേട്ടി പഠാവോ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് മഞ്ചേരിയില്‍ തുടക്കമായി. സ്ത്രീകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ ക്ലാസുകള്‍. ചര്‍ച്ചകള്‍, മല്‍സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഗീത നാടക വിഭാഗത്തിന്റെ കലാപരിപാടികള്‍, വിവിധ വകുപ്പുകളുടെ പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടന്നു വരുന്നു. മഞ്ചേരി മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ വി എം സുബൈദ ഉദ്ഘാടനം ചെയ്തു.  മദ്യ, മയക്കു മരുന്നു വിപത്തുകള്‍ക്കെതിരെ പോരാടാന്‍ മുന്നോട്ടു വരികയെന്ന ചുമതല കൂടി ഇന്നു സ്ത്രീകള്‍ക്കുണ്ടെന്നും ഇക്കാര്യത്തില്‍ നമുക്കെന്തു ചെയ്യാനാവുമെന്ന് സ്ത്രീകള്‍ തീരുമാനമെടുക്കണമെന്നും വി എം സുബൈദ ആവശ്യപ്പെട്ടു. 

മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ വി പി ഫിറോസ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഷറീന ജവഹര്‍, പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി, സിഡിപിഒ എ റീന, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥരായ എം സുരേഷ് കുമാര്‍, ജിമി ജോണ്‍സന്‍ സംസാരിച്ചു. 

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട അപൂര്‍വ്വ ചിത്രങ്ങള്‍ അടങ്ങിയ ആസാദി കാ അമൃത് മഹോല്‍സവ് പ്രദര്‍ശനവും വി എം സുബൈദ ഉദ്ഘാടനം ചെയ്തു. വനിതാ ദിന റാലി ആയുഷ് മിഷന്‍ സെപ്ഷലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അഞ്ജലി ദാസ്  ഫ്‌ളാഗ് ഓഫ് ചെയ്തു. സ്ത്രീകളും നിയമവും എന്ന വിഷയത്തില്‍ അഡ്വ, എം ടി ഷക്‌സ്, വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ എന്ന വിഷയത്തില്‍ എം സ്മിതി എന്നിവര്‍ ക്ലാസ് നയിച്ചു. മികച്ച പോഷകാഹാര ചെടിത്തോട്ടം വികസിപ്പിച്ച അംഗന്‍വാടി പ്രവര്‍ത്തക ഷര്‍മിളയെ യോഗത്തില്‍ ആദരിച്ചു. ബോധവല്‍ക്കരണ പരിപാടികള്‍ വെള്ളിയാഴ്ച സമാപിക്കും.

(ഫോട്ടോ സഹിതം)

date