Skip to main content

ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുന്നതിന് മുഖ്യപരിഗണന: മന്ത്രി വി. അബ്ദുറഹിമാൻ

സംസ്ഥാന ന്യൂനപക്ഷ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിൽ (സി.സി.എം.വൈ) മത്സര പരീക്ഷാ പരിശീലനത്തോടൊപ്പം തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുന്നതിന് മുഖ്യപരിഗണന നൽകുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ.
പൊന്നാനി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം സന്ദർശനവും ബ്രിട്ടൻ ആസ്ഥാനമായ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ് ലിമിറ്റഡിന്റെ 'ഇൻസ്പയറിംഗ് ഹ്യൂമൻ' റെക്കോർഡ് കരസ്ഥമാക്കിയ അബൂബക്കർ സിദ്ധീഖ് അക്ബറിന് നൽകിയ അനുമോദന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊന്നാനി സി.സി.എം.വൈയിലെ ഉദ്യോഗാർഥിയും കമ്പ്യൂട്ടർ സയൻസ് ബിരുദാനന്തര ബിരുദധാരിയുമായ അബൂബക്കർ 95 ശതമാനം ഭിന്നശേഷിയിൽപ്പെട്ട വ്യക്തിയാണ്. 65 സെന്റീമീറ്റർ മാത്രം ഉയരവും 25 കിലോഗ്രാം ഭാരവുമുള്ള  അബൂബക്കറിന് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടങ്ങളാണ് റെക്കോർഡിന് അർഹനാക്കിയത്. പൊന്നാനി നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. പൊന്നാനി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ വി. ശരത് ചന്ദ്ര ബാബു, വാർഡ് കൗൺസിലർ കെ.വി ബാബു, പരിശീലന കേന്ദ്രം മുൻ പ്രിൻസിപ്പൽ പ്രൊഫ. പി.കെ.എം മുഹമ്മദ് ഇക്ബാൽ, ഐ.സി.എസ്.ആർ കോർഡിനേറ്റർ പ്രൊഫ. കെ. ഇമ്പിച്ചി കോയ, വിദ്യാർഥി പ്രതിനിധി പി.പി ആസിഫ് അലി, അബൂബക്കർ സിദ്ധീഖ് അക്ബറിന്റെ പിതാവ് മുഹമ്മദ് അക്ബർ തുടങ്ങിയവർ സംസാരിച്ചു.

 

date