Skip to main content

ക്ഷയരോഗ ബോധവത്കരണ ക്ലാസ്സും രോഗനിര്‍ണ്ണയ ക്യാമ്പും നടത്തി

കാസര്‍കോട് കുടുംബശ്രീ ജില്ലാ മിഷന്റെ പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ജില്ലാ ടി.ബി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബളാല്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസില്‍  ക്ഷയരോഗ ബോധവത്ക്കരണ ക്ലാസ്സും രോഗനിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.  അ 'ക്ഷയ' ശ്രീ ക്യാമ്പയിന്‍ എന്ന പേരില്‍ ബളാല്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ബളാല്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ഖാദര്‍  നിര്‍വഹിച്ചു. 2025 ഓടു കൂടി ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യുന്നതിനായി സര്‍ക്കാര്‍ തീവ്രയജ്ഞം നടത്തുകയാണെന്നും ഈ അവസരത്തില്‍ ജില്ലയുടെ മുക്കിലും മൂലയിലും ചെന്ന് ഇത്തരം ക്യാമ്പ് നടത്തുന്നത് ഗുണകരവും പ്രശംസാപരവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പത്മാവതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, ജില്ലാ ടി.ബി ഓഫീസര്‍ ഡോ.എ. മുരളീധര നല്ലൂരായ, വാര്‍ഡ് മെമ്പര്‍ കെ.അജിത, വെള്ളരിക്കുണ്ട് കുടുംബരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കെര്‍ലിന്‍, കുടുംബശ്രീ ട്രൈബല്‍ ഡി. പി.എം പി.രത്‌നേഷ്, ജെ.എച്ച്.ഐ നിരോഷ, സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍ വൈസര്‍ ഷാജി ജോസഫ്, ജീത്ത് സൂപ്പര്‍ വൈസര്‍ പി.പ്രവീണ, സ്‌നേഹിതാ കൗണ്‍സിലര്‍ ശോഭന, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ജിനി ജോസഫ്, ആനിമേറ്റര്‍ എച്ച്.സുശീല തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.കെര്‍ലിന്‍ ക്ഷയരോഗ ബോധവത്ക്കരണ ക്ലാസ്സ് നല്‍കി. ജില്ലാ എ.സി.എസ്.എം ഓഫീസര്‍ എസ്.രജനീകാന്തിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ മാജിക് ഷോ സംഘടിപ്പിച്ചു. ക്ഷയരോഗ ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി അവരില്‍ നിന്നും പരിശോധനക്കുള്ള സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു.

date