Skip to main content

സ്വപ്‌നം സഫലം: കരിഷ്മ ഇനി കുടുംബത്തോടൊപ്പം

ഗവ. റെസ്‌ക്യൂ ഹോമിലെ താമസക്കാരായ കരിഷ്മ ഇനി കുടുംബത്തോടൊപ്പം ജീവിക്കും. ഇന്നലെ (ഏപ്രിൽ 19) ഇവർ കുടുംബത്തോടൊപ്പം നാട്ടിലേക്ക് തിരിച്ചു. 2008 മാർച്ച് 21നാണ് തവനൂർ റെസ്‌ക്യൂ ഹോമിൽ കരിഷ്മ (50) എന്ന മഹാരാഷ്ട്ര പട്വ പ്രവിശ്യയിലെ റോഹാ, റായ്ഗർഹ് സ്വദേശി എത്തിയത്. റോഹാ താലൂക്കിലെ വാങ്ടി ഗ്രാമത്തിൽ അങ്കണവാടി അധ്യാപികയായിരുന്ന കരിഷ്മ മാനസിക അസ്വസ്ഥതയെ തുടർന്ന് പിഞ്ചു മക്കളെ വിദ്യാലയത്തിലേക്ക് അയച്ച് നാടുവിടുകയായിരുന്നു. അഞ്ച് വർഷത്തോളം മറ്റിടങ്ങളിൽ അലഞ്ഞുതിരിഞ്ഞു 2008ൽ പെരിന്തൽമണ്ണ പോലീസ് വഴി തവനൂർ റെസ്‌ക്യൂ ഹോമിൽ എത്തുകയായിരുന്നു. റെസ്‌ക്യൂ ഹോം താമസക്കാരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി സ്ഥാപന സൂപ്രണ്ട് മുഖേന കരിഷ്മയുടെ വിവരങ്ങൾ 'മിസ്സിംഗ് പേഴ്സൺസ് കേരള' എന്ന വാട്സ് ആപ്പ്് ഗ്രൂപ്പിൽ അറിയിച്ചത്. തുടർന്നാണ് കുടുംബത്തെ കണ്ടെത്തിയത്. ഉടൻ തന്നെ മക്കളും മറ്റു കുടുംബാംഗങ്ങളും വീഡിയോ കാൾ വഴി പരസ്പരം തിരിച്ചറിയുകയും ചെയ്തു. താലൂക്കിൽ നിന്നും രേഖകൾ കൈപ്പറ്റി  മകനും മറ്റു കുടുംബാംഗങ്ങളും ഇന്നലെ (ഏപ്രിൽ 19) സ്ഥാപനത്തിലെത്തി കരിഷ്മയെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വുമൺ പ്രൊട്ടക്ഷൻ ഓഫീസർ ടി.എം ശ്രുതി. സ്ഥാപന സൂപ്രണ്ട് എൻ. റസിയ, തവനൂർ മഹിളാ മന്ദിരം സൂപണ്ട് എൻ.ടി സൈനബ, മിസ്റ്റിംഗ് പേഴ്സൺസ് കേരള ഗ്രൂപ്പ് അഡ്മിനും തലശ്ശേരി ചിൽഡ്രൻസ് ഹോമിലെ ചൈൽഡ് വെൽഫെയർ ഇൻസ്പെക്ടറുമായ ഒ.കെ അഷറഫ്, മറ്റു സ്ഥാപന ജീവനക്കാർ, മനേജ്മെന്റ് കമ്മിറ്റി അംഗം എം. ബാലചന്ദ്രൻ എന്നിവർ ചേർന്ന് കരിഷ്മയെ ബന്ധുക്കളോടൊപ്പം യാത്രയാക്കി.

 

 

 

date