Skip to main content

മാലിന്യ നിക്ഷേപത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണം: ജില്ലാ കളക്ടര്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ യോഗം ചേര്‍ന്നു

ജില്ലയില്‍ മാലിന്യ നിക്ഷേപം പലയിടങ്ങളിലും തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മാലിന്യ നിക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടും നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയെ മാലിന്യ മുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

പഞ്ചായത്ത് തലത്തില്‍ ജൈവ അജൈവ മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ വിശദീകരണം നല്‍കി. ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും. ഗാര്‍ഹിക ജൈവ മാലിന്യ സംസ്‌കരണത്തെ കുറിച്ചറിയാന്‍ ജനപ്രതിനിധികളുടെ വീ്്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കാത്തവര്‍ ഏപ്രില്‍ 25നകം പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. സന്ദര്‍ശനത്തില്‍ ജൈവ മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത വീടുകളുടെ കണക്കുകള്‍ ശേഖരിക്കണം. വീടുകളില്‍  ബയോ കമ്പോസ്റ്റ് അല്ലെങ്കില്‍ ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഇല്ലെന്ന് ബോധ്യപ്പെട്ടാല്‍ ഇത്തരം സംവിധാനങ്ങള്‍ ഒരുക്കി നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. ഹരിതകര്‍മ സേനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ട തദ്ദേശ സ്ഥാപനങ്ങളില്‍ പ്രത്യേകം യോഗം വിളിക്കും. ഓരോ പഞ്ചായത്തുകളിലുമുള്ള മാലിന്യ കൂമ്പാരങ്ങളുടെ കണക്ക് ഉടന്‍ നല്‍കണമെന്ന് യോഗത്തില്‍ അറിയിച്ചു. അജൈവ മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വ്യാപാരികളുടെ യോഗം വിളിച്ച് ചേര്‍ക്കും.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്ഥാപന ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു,  നവകേരളം കര്‍മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍, ലീഡ ്ബാങ്ക് മാനേജര്‍ എന്‍.വി.ബിമല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date