Skip to main content

ഖരമാലിന്യ പരിപാലനത്തിന് ഗുരുവായൂർ നഗരസഭയ്ക്ക് 11.7 കോടിയുടെ കര്‍മ്മപദ്ധതി

സംസ്ഥാന സര്‍ക്കാരിന്റെ കേരള ഖരമാലിന്യ പരിപാലന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുരുവായൂർ നഗരസഭക്ക് 11.7 കോടി രൂപയുടെ കര്‍മ്മ പദ്ധതി തയ്യാറാകുന്നു. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള കൂടിയാലോചനയോഗം നഗരസഭാ ലൈബ്രറി ഹാളിൽ നടന്നു. പദ്ധതി വിഹിതത്തിന്റെ 30 ശതമാനം തുക കേരള സർക്കാരും 35 ശതമാനം വീതം ഏഷ്യന്‍ ബാങ്കും വേള്‍ഡ് ബാങ്കും നിര്‍വഹിക്കും.  

 രൂപരേഖ തയ്യാറാക്കുന്നതിനുള്ള കൂടിയാലോചന യോഗം  നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ അനിഷ്മ ഷനോജ് അധ്യക്ഷയായി.

സ്ഥിരംസമിതി അധ്യക്ഷരായ ഷൈലജ സുധൻ, ബിന്ദു അജിത്ത്കുമാർ, എ സായിനാഥൻ, കൗൺസിലർ കെ പി ഉദയൻ, മറ്റ് കൗൺസിലർമാർ, നഗരസഭാംഗങ്ങൾ, ആശവർക്കർമാർ, കെ എസ് ഡബ്ലിയു എം പി, ഡി പി എം യു, ടിഎസ്സി - പിഎംസി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എ എസ് മനോജ് സ്വാഗതവും നഗരസഭാ സെക്രട്ടറി ബീന എസ് കുമാർ നന്ദിയും പറഞ്ഞു. കെ എസ് ഡബ്ലിയു എം പി സോഷ്യൽ കമ്മ്യൂണിക്കേഷൻ എക്സ്പേർട്ട് ശുഭിത മേനോൻ വിഷയാവതരണവും ടെക്നിക്കൽ സർവ്വീസ് കൺസൾട്ടൻ ഉദ്യോഗസ്ഥ ബീന ഗോവിന്ദൻ ഗ്യാപ്പ് പ്രസന്റേഷൻ നടത്തി. കെ എസ് ഡബ്ലിയു എം പി എൻവയോഴ്ൺമെന്റ് എഞ്ചിനീയർ  ശ്രീകുമാർ, എംഇഇ അനൂപ് കൃഷ്ണ, എസ്ഡബ്ലിയുഎംപി എഞ്ചിനീയർ ആതിര ജോസ്, പി എം സി ഉദ്യോഗസ്ഥരായ ഡോ. ജയ്നീഷ്, ഹസീന, തുടങ്ങിയ ഉദ്യോഗസ്ഥർ തുടർന്നുള്ള ഗ്രൂപ്പ് ചർച്ചയ്ക്ക് നേതൃത്വം നൽകി. നൂറിലധികം അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ 30 നഗര തദ്ദേശ സ്ഥാപനങ്ങളില്‍ മെയ് 10ന് മുന്‍പായി ഖരമാലിന്യ മാനേജ്‌മെന്റ് പദ്ധതി നടപ്പാക്കും. സംസ്ഥാനത്തെ 93 നഗര തദ്ദേശ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 2300 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ എട്ട് നഗര ദേശ സ്ഥാപനങ്ങളുടെ ഖരമാലിന്യ മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി 105.20 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

date