Skip to main content

എന്റെ കേരളം' പ്രദര്‍ശന-വിപണനമേളക്ക് ഇന്ന് (28) കൊടി ഉയരും *ഇന്നു മുതല്‍ മെയ് നാല് വരെ വാഴത്തോപ്പ് ഗവ. വിഎച്ച്എസ് സ്‌കൂള്‍ മൈതാനിയില്‍

 

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന-വിപണനമേള ഇന്നു (ഏപ്രില്‍ 28) മുതല്‍ മെയ് നാല് വരെ വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടക്കും. ഇന്നു രാവിലെ 9.00 ന് ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആയിരങ്ങള്‍ അണിനിരക്കുന്ന വിളംബരഘോഷയാത്രയോടെയാണ് മേളക്ക് തുടക്കമാവുക. വിളംബരഘോഷയാത്ര വാഴത്തോപ്പ് സ്‌കൂള്‍ മൈതാനിയില്‍ സമാപിക്കുമ്പോള്‍ രാവിലെ 10.30 ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പതാക ഉയര്‍ത്തും. 11 മണിക്ക് മേളയുടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. എം എം മണി എം എല്‍ എ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണ നടത്തും. തുടര്‍ന്ന് 12. 30 ന് പ്രദര്‍ശനം വാഴൂര്‍ സോമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പി.ജെ ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, ജില്ലാ ആസുത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ്, കട്ടപ്പന നഗസഭാ ചെയര്‍മാന്‍ ഷൈനി സണ്ണി, ഇടുക്കി ബ്ലോ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയ്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് ജോസ് വയലില്‍, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ്, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, അംഗങ്ങളായ ടിന്റു സുഭാഷ്, നിമ്മി ജയന്‍, ത്രിതലപഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.     ഇന്നു വൈകിട്ട് 07 ന് പ്രശസ്ത ഗായിക സിതാര കൃഷ്ണ കുമാറും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ് വേദിയില്‍ അരങ്ങേറും. മേളയില്‍ ഏഴ് ദിവസങ്ങളിലും സൗജന്യസേവനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, കലാപരിപാടികള്‍, സെമിനാറുകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള വര്‍ക്ക്ഷോപ്പുകള്‍, ബിസിനസ്സ് ടു ബിസിനസ്സ് മീറ്റ്, രുചി വൈവിധ്യങ്ങളുടെ ഭക്ഷ്യമേള, ഫോട്ടോപ്രദര്‍ശനം, ആര്‍ട്ട് ഗ്യാലറി, ഡോഗ്ഷോ, കാര്‍ഷികമേള, കൈത്തറിമേള എന്നിവ ഒരുക്കിയിട്ടുണ്ട്. ജര്‍മ്മന്‍ ഹാങ്ങറില്‍ 56000 ചതുരശ്ര അടിയില്‍ ഒരുക്കിയ കേന്ദ്രീകൃത എയര്‍കണ്ടീഷനുള്ള സ്റ്റാളില്‍ വിസ്മയക്കാഴ്ചകളും അനുഭവങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 5 മുതല്‍ ജില്ലയിലെ പ്രാദേശിക കലാകാരന്‍മാര്‍ അണിനിരക്കുന്ന വൈവിധ്യമാര്‍ന്ന തനത് കലാരൂപങ്ങളുടെ പ്രകടനം അരങ്ങേറും. തുടര്‍ന്ന് സംസ്ഥാനത്തെ പ്രശസ്തരായ പ്രൊഫഷണല്‍ കലാകാര•ാര്‍ അണിനിരക്കുന്ന ഗാനസന്ധ്യകള്‍, കോമഡി ഷോ, നാടന്‍ പാട്ടുകള്‍ എന്നിവ നടക്കും. 29 ന് ആട്ടം കലാസമിതിയും ചെമ്മീന്‍ മ്യൂസിക് ബാന്‍ഡും ചേര്‍ന്നവതരിപ്പിക്കുന്ന ഫ്യൂഷന്‍, ഏപ്രില്‍ 30 ന് വൈകിട്ട് 07 ന് എസ് എസ് ഇവന്റ്സ് അവതരിപ്പിക്കുന്ന ഡാന്‍സ് മ്യൂസിക് മെഗാ ഷോ, മെയ് 01 ന് പ്രശസ്ത പിന്നണി ഗായിക ഗൗരി ലക്ഷ്മി ബാന്‍ഡ് അവതരിപ്പിക്കുന്ന മ്യൂസിക് ലൈവ്, മെയ് 02 ന് കനല്‍ മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍, മെയ് 03 ന് ഉല്ലാസ് പന്തളവും പ്രശസ്ത സിനിമാതാരം നോബിയും അവതരിപ്പിക്കുന്ന കോമഡി മെഗാ ഷോ- ഉല്ലാസ രാവ്, അവസാന ദിനമായ മെയ് 04 ന് ആല്‍മരം മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷന്‍ എന്നിവ അരങ്ങേറും.
പതിനായിരങ്ങള്‍ അണിനിരക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്ര സംസ്ഥാനസര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളക്ക് മുന്നോടിയായി പതിനായിരങ്ങള്‍ അണിനിരക്കുന്ന ഘോഷയാത്ര. ഇന്ന് (28) രാവിലെ 9 ന് ചെറുതോണി ബസ്റ്റാന്‍ഡ് പരിസരത്തു നിന്നും ആരംഭിക്കുന്ന വിളംബര ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ ഇതുവരെയുള്ള നേട്ടങ്ങള്‍, വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ചിത്രീകരിക്കുന്ന മേളയ്ക്ക് വാദ്യമേളങ്ങളും കലാരൂപങ്ങളും ചാരുത പകരും. ത്രിതല പഞ്ചായത്തുകളും വകുപ്പുകളും പ്രത്യേകം ബാനറുകള്‍ക്ക് പിന്നില്‍ അണിനിരക്കും. ചെണ്ട, ബാന്‍ഡ് മേളം, നാസിക് ഡോള്‍ തുടങ്ങിയ വാദ്യമേളങ്ങള്‍ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. ഗോത്ര നൃത്തം, കൂത്ത്, കോല്‍ക്കളി, തെയ്യം, മയിലാട്ടം, ഫ്ലാഷ് മോബ്, നിരവധി നാടന്‍ കലാരൂപങ്ങള്‍, എന്നിവയ്ക്ക് പുറമെ പ്ലോട്ടുകളും ഘോഷയാത്ര നയനമനോഹരമാക്കും.
വിളംബര ജാഥ: ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തി
എന്റെ കേരളം പ്രദര്‍ശന വിപണന മേളക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന വിളബര ജാഥയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ചെറുതോണി ടൗണില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. റാലിക്ക് വരുന്ന വാഹനങ്ങളുടെ ക്രമീകരണം: കട്ടപ്പന ഭാഗത്തുനിന്നും ഘോഷയാത്രയ്ക്ക് എത്തുന്ന വാഹനങ്ങള്‍ ചെറുതോണി പാലത്തില്‍ പ്രവേശിക്കാതെ ആളുകളെ ഇറക്കി തിരിച്ച് ആലിന്‍ചുവട് മുതല്‍ ഐ ഡി എ ഗ്രൗണ്ട് വരെയും അടിമാലി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ചെറുതോണി പാലത്തില്‍ ആളുകളെ ഇറക്കി ഇടുക്കി ഐ ഡി എ ഗ്രൗണ്ടിലും പരിസരത്തും, തൊടുപുഴയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മെഡിക്കല്‍ കോളേജ് ഭാഗത്ത് ആളുകളെ ഇറക്കി മെഡിക്കല്‍ കോളേജിന്റെ കോമ്പൗണ്ടിലും പരിസരപ്രദേശങ്ങളിലും ഗതാഗത തടസ്സമുണ്ടാകാതെ പാര്‍ക്ക് ചെയ്യണം. ചെറുതോണി ടൗണില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
മറ്റ് വാഹനങ്ങളുടെ ക്രമീകരണം
മണിയാറന്‍കുടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മാറാപ്പള്ളിക്കവല വഴി തിരിച്ചു വിടും. എറണാകുളം-അടിമാലി ഭാഗത്ത് നിന്നും തൊടുപുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തടിയമ്പാട് നിന്നും വാഴത്തോപ്പ്, പള്ളിത്താഴം, പൈനാവ് റോഡ് വഴി തിരിച്ചു വിടും. കട്ടപ്പന ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തടിയമ്പാട് നിന്നും മരിയാപുരം വഴി ഇടുക്കിയിലേക്ക് തിരിച്ചു വിടും. കട്ടപ്പന ഭാഗത്തുനിന്നും അടിമാലിക്കും എറണാകുളത്തേക്കും പോകുന്ന വാഹനങ്ങള്‍ ഇടുക്കിയില്‍ നിന്നും മരിയാപുരം കൂടി തടിയമ്പാട് വഴി തിരിച്ചു വിടും. തൊടുപുഴ ഭാഗത്ത് നിന്നും അടിമാലിക്കും എറണാകുളത്തിനും പോകേണ്ട വാഹനങ്ങള്‍ പൈനാവില്‍ നിന്നും താന്നിക്കണ്ടം, പള്ളിത്താഴം, തടിയമ്പാട് വഴിയോ അശോകക്കവല വഴിയോ തിരിച്ചുവിടും. തൊടുപുഴയില്‍ നിന്നും കട്ടപ്പന ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പൈനാവില്‍ നിന്നും തിരിഞ്ഞ് തടിയമ്പാട് വഴി ചപ്പാത്ത്-മരിയാപുരം വഴി ഇടുക്കി ജംങ്ഷനിലൂടെ കടത്തി വിടും. കട്ടപ്പന ഭാഗത്ത് നിന്നും തൊടുപുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഇടുക്കി ജംങ്ഷനില്‍ നിന്ന് മരിയാപുരം വഴി ചപ്പാത്ത്-തടിയമ്പാട്-പൈനാവ് റൂട്ടിലേക്ക് തിരിച്ചുവിടും.
മികവിന് പുരസ്‌കാരം
പ്രദര്‍ശന-വിപണനമേളയോടനുബന്ധിച്ച് മികച്ച തീം, വിപണന സ്റ്റാളുകള്‍, ഘോഷയാത്രയിലെ പങ്കാളിത്തം, എന്നിവക്ക് പുരസ്‌കാരം നല്‍കും. കൂടാതെ മാധ്യമപ്രവര്‍ത്തകര്‍ക്കായി മികച്ച വാര്‍ത്താചിത്രം, മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ട്, മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ട്, മികച്ച വീഡിയോ കവറേജ് എന്നിവയ്ക്ക് പുരസ്‌കാരം നല്‍കും. പരിഗണിക്കേണ്ട ചിത്രങ്ങളും റിപ്പോര്‍ട്ടുകളും entekeralamidukki@gmail.com ഇ-മെയില്‍ വിലാസത്തിലേക്ക് പേര്, വിലാസം, സ്ഥാപനം, ഫോണ്‍ നമ്പര്‍ സഹിതം അയയ്ക്കണം.

 

date