Skip to main content

ദിശ അവലോകന യോഗം ചേര്‍ന്നു

*കേന്ദ്രാവിഷ്‌കൃത പദ്ധതി നിര്‍വ്വഹണം വേഗത്തിലാക്കണം

വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പദ്ധതി നിര്‍വ്വഹണം വേഗത്തിലാക്കാണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. അനുവദിച്ച ഫണ്ട് സമയ ബന്ധിതമായി വിനിയോഗിക്കണം. വയനാട് ലോകസഭാ മണ്ഡലത്തില്‍ വരുന്ന കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വികസന പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു. അനുവദിച്ച 5 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മൂന്നു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മണ്ഡലത്തില്‍ നടക്കുകയാണ്. വിവിധ പദ്ധതികള്‍ക്കായി 12 കോടി രൂപ അനുവദിച്ചതില്‍ 3.7 കോടി രൂപ വിനിയോഗിക്കാനുണ്ട്. ലോക്‌സഭാ എം.പിയുടെ ഫണ്ടും വിവിധ രാജ്യസഭാ എം.പിമാരുടെ ഫണ്ടുമാണ് ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ലഭ്യമായിട്ടുള്ളത്. ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് എന്ന നിലയില്‍ എം.പിമാര്‍ അവരുടെ പ്രത്യേക ഫണ്ടും ജില്ലയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി എം.പി, രാജ്യസഭാ എം.പിമാരായ എളമരം കരീം, ജെബി മേത്തര്‍, പി.ടി ഉഷ, എക്‌സ് എം.പിമാരായ എ.കെ. ആന്റണി, എം.വി. ശ്രേയാംസ്‌കുമാര്‍, എം.പി വീരേന്ദ്രകുമാര്‍ എന്നിവരുടെ ഫണ്ടുകളാണ് ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ലഭ്യമായത്.
വയനാട് ജില്ലയില്‍ 48 പദ്ധതികള്‍ക്കായി 7.17 കോടി രൂപയും കേഴിക്കോട് ജില്ലയിലെ 15 പദ്ധതികള്‍ക്കായി 2.07 കോടി രൂപയും മലപ്പുറം ജില്ലയിലെ 20 പദ്ധതികള്‍ക്കായി 3.90 കോടി രൂപയും അനുവദിച്ചിരുന്നു. ഇതില്‍ വയനാട് ജില്ലയിലെ 24 പദ്ധതികള്‍ ഇതിനകം പൂര്‍ത്തിയാക്കി. 3.51 കോടി രൂപ വിനിയോഗിച്ചു. കോഴിക്കോട് 3 പദ്ധതികളിലായി 30 ലക്ഷവും മലപ്പുറം 3 പദ്ധതികളിലായി 2.1 കോടി രൂപയും വിനിയോഗിച്ചു.
വിനിയോഗ ശതമാനം കണക്കാക്കുമ്പോള്‍ വയനാട് ജില്ല മറ്റ് ജില്ലകളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണ്. ജില്ല 84.67 ശതമാനത്തോളം ഫണ്ടുകളും വിനിയോഗിച്ചു. പദ്ധതികള്‍ നടപ്പിലാക്കുന്ന വകുപ്പുകള്‍ നോഡല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് കര്‍മ്മ പദ്ധതി തയ്യാറാക്കണം. പദ്ധതി പൂര്‍ത്തിയാക്കുന്നതിന് പുറമെ ബില്ലുകള്‍ മാറി കണക്കുകള്‍ ക്രമീകരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജില്ലാ പ്ലാനിംഗ് ഓഫീസര്‍മാര്‍, പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date