Skip to main content

കാവുംമുണ്ടകത്തില്‍ പടി - കോയിക്കല്‍ പടി റോഡ് നിര്‍മാണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപ അനുവദിച്ചു

അങ്ങാടി പഞ്ചായത്തിലെ കാവുംമുണ്ടകത്തില്‍ പടി -കോയിക്കല്‍ പടി റോഡ് നിര്‍മാണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു.  അങ്ങാടി പഞ്ചായത്തിലെ 7, 8, 13 വാര്‍ഡുകള്‍ക്ക് പ്രയോജനം ചെയ്യുന്ന റോഡാണ്. റോഡിന്റെ ഇരുഭാഗവും ഉള്ള വസ്തുക്കള്‍ മണ്ണിട്ട് ഉയര്‍ത്തിയതിനെ തുടര്‍ന്ന് പേട്ട-വലിയകാവ് റോഡിലേക്ക് കയറുന്ന ഭാഗം വര്‍ഷങ്ങളായി വെള്ളക്കെട്ടായി. ഒരടിയോളം വെള്ളം ഇവിടെ കെട്ടിനിന്നതിനെ തുടര്‍ന്ന് വാഹനങ്ങളോ കാല്‍നടക്കാരോ പോലും ഇതിലെ യാത്ര ചെയ്യാതായി. മൂന്നു വാര്‍ഡിലെ താമസക്കാര്‍ക്ക് ഇട്ടിയപ്പാറ ടൗണിലേക്ക്  പോകാനുള്ള ഏറ്റവും എളുപ്പവഴിയായിരുന്നു ഇത്. വെള്ളക്കെട്ടായതിനെ തുടര്‍ന്ന്  കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ചായിരുന്നു ഇവര്‍ പോകുന്നത്. പഞ്ചായത്ത് ഇടപെട്ട് കുറച്ച് ഭാഗം നവീകരിച്ചെങ്കിലും ഇതുകൊണ്ട് ഒന്നുമായില്ല.  വെള്ളക്കെട്ട് ഉള്ള ഭാഗം റോഡ് മണ്ണിട്ട് ഉയര്‍ത്തി പുനരുദ്ധരിച്ചാല്‍ മാത്രമേ പൂര്‍ണമായും സഞ്ചാരയോഗ്യമാക്കാന്‍ കഴിയൂ. ഇതിനാണ് ഇപ്പോള്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജിയാണ് റോഡിന്റെ ശോച്യാവസ്ഥ എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

date