Skip to main content
prdalappuzha

സാംക്രമിക രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം- ജില്ല വികസന സമിതി യോഗം

ആലപ്പുഴ: മഴക്കാലമായതോടെ സാംക്രമിക രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ വിവിധ വകുപ്പുകള്‍ക്ക് ജില്ല വികസന സമിതി യോഗത്തില്‍ നിര്‍ദേശം നല്‍കി. എ.എം. ആരിഫ് എം.പി., എം.എല്‍.എ.മാരായ ദലീമ ജോജോ, തോമസ് കെ. തോമസ്, എം.എസ്. അരുണ്‍കുമാര്‍, എച്ച്. സലാം എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ അധ്യക്ഷത വഹിച്ചു. 

എച്ച്1 എന്‍1, ഡെങ്കി ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. പ്ലേറ്റ്ലെറ്റ് ദൗര്‍ലഭ്യം നേരിടുന്നതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ട്രാന്‍സ്ഫ്യൂഷന്‍ ആവശ്യമായി വരുന്ന രോഗികള്‍ക്ക് ബ്ലഡ് ബാങ്കുകളില്‍ ഇത് ഉറപ്പാക്കാന്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് (ആരോഗ്യം) നിര്‍ദ്ദേശം നല്‍കി.

അരൂര്‍ ഫയര്‍ സ്റ്റേഷന്‍ നിര്‍മാണം, വയലാര്‍ കവല ഇന്‍ഫോപാര്‍ക്ക് പാലത്തിന്റെ നിര്‍മാണം, തുറവൂര്‍ വാക്കയില്‍ പാലത്തന്റെ നിര്‍മാണം എന്നിവയുടെ സ്ഥലമെടുപ്പും നിര്‍വഹണ പുരോഗതിയും എ.എം. ആരിഫ് എം.പി. വിലയിരുത്തി. ജില്ലയിലെ തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് അടിയന്തിര നടപടി വേണമെന്നും മത്സ്യബന്ധന ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കല്‍, ഇന്‍ഷുറന്‍സ് പുതുക്കല്‍ തുടങ്ങിയവ സമയബന്ധിതമായി നടപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

തുറവൂര്‍- വളമംഗലം റൂട്ടില്‍ പുതിയ കെ.എസ്.ആര്‍.ടി. ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന് ദലീമ ജോജോ എം.എല്‍.എ. പറഞ്ഞു. അരൂരിന്റെ തീരപ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനെക്കുറിച്ച് എം.എല്‍.എ. ആശങ്ക അറിയിച്ചു. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ മെയിന്‍ പമ്പിംഗ് ലൈന്‍ പൊട്ടിയ ഭാഗത്ത് അറ്റകുറ്റപ്പണി ചെയ്ത് വരുന്നതായും കുടിവെള്ള വിതരണം ഉടന്‍ പുനസ്ഥാപിക്കാനാവുമെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ എം.എല്‍.എയെ അറിയിച്ചു.

കുട്ടനാട് കുടിവെള്ള പദ്ധതിയുടെ നിര്‍വ്വഹണ പുരോഗതി തോമസ് കെ. തോമസ് എം.എല്‍.എ. വിലയിരുത്തി. കുട്ടനാട്ടിലെ തോടുകളുടേയും ആറുകളുടേയും ശുചീകരണ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്നും എം.എല്‍.എ. നിര്‍ദേശിച്ചു.

കല്ലുമല റെയില്‍വേ സ്റ്റേഷന്‍ ഓവര്‍ ബ്രിഡ്ജ് നിര്‍മാണം, മിച്ചല്‍ ജംഗ്ഷന്‍ വികസനം എന്നിവയ്ക്കുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടിയുടെ പുരോഗതി എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. ചോദിച്ചറിഞ്ഞു. വള്ളികുന്നംചിറ ടൂറിസം, താമരക്കുളം വറ്റമുക്ക് റോഡ് എന്നിവയുടെ നിര്‍മാണ പുരോഗതിയും എം.എല്‍.എ. വിലയിരുത്തി. 

അമ്പലപ്പുഴ കെ.എസ്.ഇ.ബി. ഓഫീസിന് പുതിയ കെട്ടിട നിര്‍മാണം, പൂപ്പള്ളി- ആലപ്പുഴ 66 കെ.വി. ലൈന്‍ 110 കെ.വി. ലൈനായി ഉയര്‍ത്തുന്ന പ്രവൃത്തികളുടെ പുരോഗതി എന്നിവ എച്ച്. സലാം എം.എല്‍.എ വിലയിരുത്തി. എം.എ.എ. എസ്.ഡി.എഫ്./എ.ഡി.എസ് പ്രവൃത്തികളുടെ നിര്‍വ്വഹണ പുരോഗതിയും അദ്ദേഹം വിശകലനം ചെയ്തു.

പമ്പ ഇറിഗേഷന്‍ പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെട്ട പ്രവൃത്തികളുടെ തുടര്‍ നിര്‍വഹണം സാധ്യമാക്കുന്നതിന് പമ്പ ഇറിഗേഷന്‍ പ്രോജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കാര്‍ത്തികപ്പള്ളി തഹസീല്‍ദാര്‍, രമേശ് ചെന്നിത്തല എം.എല്‍.എ.യുടെ പ്രതിനിധി എന്നിവര്‍ ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി പ്രശ്നപരിഹാരം തേടുന്നതിന് കാര്‍ത്തികപ്പള്ളി തഹസീല്‍ദാരെ യോഗത്തില്‍ ചുമതലപ്പെടുത്തി. ഏകാരോഗ്യപദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യ വകുപ്പ് പ്രതിനിധി യോഗത്തില്‍ വിശദീകരിച്ചു.

രമേശ് ചെന്നിത്തല എം.എല്‍.എ.യുടെ പ്രതിനിധി ജോണ്‍ തോമസ്, ജില്ല പ്ലാനിംഗ് ഓഫീസര്‍ (ഇന്‍ചാര്‍ജ്) ദീപ ശിവദാസന്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

date