Skip to main content
prdalappuzha

പകര്‍ച്ചപ്പനി പ്രതിരോധം: കഞ്ഞിക്കുഴിയില്‍ മെഗാ ക്ലീനിങ്

ആലപ്പുഴ: പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ മെഗാ ക്ലീനിങ് നടത്തുന്നു. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്ലീനിങ് നടത്തുന്നത്. മെഡിക്കല്‍ ഓഫീസര്‍ ഡോ. നെജില്‍ ഫ്രാന്‍സിസും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോബിയുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

പഞ്ചായത്തിലെ 18 വാര്‍ഡുകളിലും നേരത്തെ തന്നെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ജില്ലയില്‍ കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത്. ആരോഗ്യ പ്രവര്‍ത്തകരും 360 പേരടങ്ങുന്ന സന്നദ്ധസേവകരും ചേര്‍ന്നു ഒരു ദിവസം കൊണ്ട് ഒരു വാര്‍ഡ് മുഴുവനും വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇന്നലെ ഒന്‍പതാം വാര്‍ഡിലെ 489 വീടുകള്‍ ശുചിയാക്കി. ഇവിടെ കൊതുക് വളരാന്‍ സാധ്യതയുള്ള 573 ഇടങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു. നാല് വാര്‍ഡുകളില്‍ ഇത്തരത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. 

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ച ഹൈറിസ്‌ക് വാര്‍ഡുകളിലാണ് ആദ്യം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതോടൊപ്പം ക്ഷീരകര്‍ഷകര്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും പകര്‍ച്ചവ്യാധി പ്രതിരോധ ബോധവത്ക്കരണവും നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വാര്‍ഡുകളില്‍ ശുചീകരണം നടത്തും.
 

date