Skip to main content

ബാർട്ടൺ ഹിൽ എൻജിനീയറിംഗ് വിദ്യാർഥികളുടെ ഇലക്ട്രിക് കാറിന്‌ രണ്ട് അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങൾ

 

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിംഗ് കോളജിലെ നാലാം വർഷ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർഥികളുടെ കൂട്ടായ്മയായ പ്രവേഗ’, മോട്ടോർ വാഹന വകുപ്പിന്റെ ഇ-മൊബിലിറ്റി പദ്ധതിയുടെയുംസാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയും ധനസഹായത്തോടെ നിർമ്മിച്ച ഇലക്ട്രിക് കാറിന് രണ്ട് അന്താരാഷ്ട്ര പുരസക്കാരങ്ങൾ! ഈ മാസം 4 മുതൽ 9 വരെ ഇന്തോനേഷ്യയിൽ നടന്ന, 2023 ഷെൽ എക്കോ മാരത്തോൺ ഏഷ്യ പസഫിക് & മിഡിൽ ഈസ്റ്റ് മത്സരത്തിലെ, പ്രോട്ടോ ടൈപ്പ് വെഹിക്കിൾ റേയ്‌സിലാണ് പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയത്. സൗത്ത് വെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ടെക്‌നിക്കൽ ഇന്നൊവേഷൻ അവാർഡും ഡ്യൂ പോണ്ട് ഇങ്കിന്റെ സേഫ്ടി അവാർഡുമാണ് നേടിയത്.

ജൂലായ് 9 നു നടന്ന സമാപനച്ചടങ്ങിൽ പ്രവേഗ ടീം ലീഡർ, ജോഷ്വിൻ ടി. രാജനും അംഗങ്ങളായ ബി. പ്രണവ്, പ്രഹ്ലാദ്‌വിവേക്, എസ്. സൂരജ്, ആർ. ബി. യദുകൃഷ്ണൻ എന്നിവരും ചേർന്ന്, ട്രോഫികളും, 3000 യു.എസ് ഡോളറിന്റെ രണ്ട് ക്യാഷ് അവാർഡുകളും ഫലകവും ഏറ്റുവാങ്ങി. ബാംബി എന്നാണ് പ്രവേഗയുടെ ഇലക്ട്രിക് കാറിന്റെ പേര്. ഇതിന്റെ ബോഡി മുളകൊണ്ടാണ് നിർമ്മിച്ചത്. തികച്ചും പ്രകൃതി സൗഹൃദപരവും, വേഗത്തേക്കാൾ ഇന്ധനക്ഷമതയ്ക്ക് പ്രാമുഖ്യം നൽകിയുമാണ് നിർമാണം. 100 കിലോ ഭാരം. 3.5 മീറ്റർ നീളം. 1.2 മീറ്റർ വീതിയുമുണ്ട് ഇ-കാറിന്. ഒരു യൂണിറ്റ് വൈദ്യുതി കൊണ്ട് 300 കിലോമീറ്റർ ഓടും. അനുയോജ്യമായ മാറ്റങ്ങളോടെ, വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിച്ചാൽ ബാംബി പൊതു ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടും.

പി.എൻ.എക്‌സ്. 3187/2023

date