Skip to main content

കണ്ടെയ്‌നര്‍ റോഡ് പാര്‍ക്കിംഗ് നിരോധനം; നടപടികൾ വേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടർ

 

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡിലെ പാർക്കിംഗ് നിരോധനവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. ജില്ലയിൽ എത്തുന്ന കണ്ടെയ്നർ വാഹനങ്ങൾക്ക് പാർക്കിംഗ് സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ടെയ്നർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ഒരുക്കുന്ന ബിപിസിഎല്ലിന്റെ നാല് ഏക്കർ പാർക്കിംഗ് യാർഡ് എത്രയും വേഗം പ്രവർത്തനമാരംഭിക്കണം. റോഡിന്റെ ഇരുവശങ്ങളിലെ പാർക്കിംഗ് തടയുന്നതിനായുള്ള ഗാർഡ് സ്റ്റോണുകൾ നിർമ്മിക്കണമെന്നും കൂടുതൽ സ്ട്രീറ്റ് ലൈറ്റുകൾ സജ്ജീകരണമെന്നും ജില്ലാ കളക്ടർ യോഗത്തിൽ നിർദ്ദേശിച്ചു. 

ഐ.ഒ.സി, നാച്ക്കോ, അർപ്പിത തുടങ്ങിയ പാർക്കിംഗ് യാർഡുകൾ നിലവിൽ കണ്ടെയ്നർ വാഹനങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ട്. സ്ലോട്ടുകൾ ഉപയോഗിക്കുന്നതിനനുസരിച്ച് കൂടുതൽ പാർക്കിംഗ് സ്ഥലം ക്രമീകരിക്കുമെന്ന് കളക്ടർ പറഞ്ഞു.

പാര്‍ക്കിംഗിന്റെ മറവില്‍ റോഡിനിരുവശവും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിരുന്നു. ഇത്തരത്തില്‍ മാലിന്യ നിക്ഷേപം നടത്തുന്നത് പൊതുജനാരോഗ്യത്തിന് ഹാനികരമായതിനാലും ജനങ്ങളുടെ സുരക്ഷിതമായ ജീവിതത്തിനു തടസമുണ്ടാക്കുന്നത് ഒഴിവാക്കുന്നതിനുമാണ് ദുരന്തനിവാരണ നിയമം 2005 ലെ 30, 33 സെക്ഷനുകള്‍ പ്രകാരം നിരോധനം ഏര്‍പ്പെടുത്തിയത്. 

ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷിന്റെ അധ്യക്ഷതയിൽ ചേമ്പറിൽ ചേർന്ന യോഗത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ്, എൻ. എച്ച്. എ.ഐ, ബി.പി.സി.എൽ, ആർ.ടി.ഒ, പോലീസ് തുടങ്ങിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.

date