Skip to main content
നിയമസഭാ സമിതിയുടെ തൃശ്ശൂർ ജില്ലാതല സന്ദർശനവും ഹർജിയിൻമേൽ തെളിവെടുപ്പും കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ

കുട്ടികളുടെ പ്രശ്നങ്ങളിൽ ആഴത്തിൽ ഇടപെടാനൊരുങ്ങി നിയമസഭാ സമിതി

- തൃശ്ശൂർ ജില്ലാ സന്ദർശനവും തെളിവെടുപ്പും നടത്തി

- സ്ത്രീകളുടെയും ട്രാൻസ്ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച വിഷയങ്ങൾ പരിഗണിച്ചു

- ഗുരുവായൂരിൽ നാളെ (ജൂലൈ 12) സന്ദർശനവും തെളിവെടുപ്പും നടത്തും

കുട്ടികളിലെ ലഹരി ഉപയോഗം, മൊബൈൽ ഫോൺ ദുരുപയോഗം, ട്രാൻസ്ജെൻഡറുകളുടെ പ്രശ്നങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകി ഇടപെടലുകൾ നടത്തുമെന്ന് കേരള നിയമസഭാ സമിതി. ഉറവിടം മുതൽ ലഹരിക്കെതിരായ പ്രവർത്തനങ്ങൾ ആവശ്യമാണ്. ഈ വിഷയങ്ങളിൽ സമർത്ഥമായ ഇടപെടൽ നടത്തി വരികയാണെന്നും സമിതി ചെയർപേഴ്സൺ യു പ്രതിഭ എംഎൽഎ പറഞ്ഞു.

നിയമസഭാ സമിതിയുടെ തൃശ്ശൂർ ജില്ലാതല സന്ദർശനവും ഹർജിയിൻമേൽ തെളിവെടുപ്പും കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയശേഷം സംസാരിക്കുകയായിരുന്നു എംഎൽഎ. സ്ത്രീകളുടെയും ട്രാൻസ്ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച വിഷയങ്ങളാണ് നിയമസഭാ സമിതി പരിഗണിക്കുന്നത്.

എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ, ഐടി മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ എന്നിങ്ങനെ ഫലപ്രദമായ 8 റിപ്പോർട്ടുകൾ ഇതിനോടകം സമിതി നിയമസഭയ്ക്ക് മുൻപിൽ സമർപ്പിച്ചു. അട്ടപ്പാടിയിലും മറയൂരിലും സന്ദർശനം നടത്തി സ്പെഷ്യൽ റിപ്പോർട്ടുകൾ നൽകി. കാഴ്ചവൈകല്യം ഉള്ളവർക്ക് അലവൻസ് നേടിയെടുക്കുക, വിധവയായ സ്ത്രീക്ക് ആനുകൂല്യം നേടിയെടുക്കാൻ സഹായ ഇടപെടൽ, ഭിന്നശേഷിക്കാരായ ജീവിതപങ്കാളിയുള്ള ജീവനക്കാർക്കുള്ള അനുകൂല നടപടിയിൻമേൽ ഇടപെടൽ തുടങ്ങിയവ സമിതിയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന്റെ ഫലമായി നടത്താൻ കഴിഞ്ഞെന്നും യു പ്രതിഭ കൂട്ടിച്ചേർത്തു.

8 എംഎൽഎമാർ അടങ്ങുന്ന സമിതിയാണ് തൃശൂരിൽ പരാതി പരിഗണിച്ചത്. ചീഫ് വിപ്പ് എൻ ജയരാജ്, സമിതി ചെയർപേഴ്സൺ യു പ്രതിഭ, ഒ എസ് അംബിക, സി കെ ആശ, കാനത്തിൽ ജമീല, ഉമ തോമസ്, കെ ശാന്തകുമാരി, ദലീമ ജോജോ എന്നിവരായിരുന്നു സമിതി അംഗങ്ങൾ.

ജൂലൈ 12ന് രാവിലെ 11 മണിക്ക് ഗുരുവായൂർ നഗരസഭ കാര്യാലയത്തിൽ സിറ്റിംഗ് ഉണ്ടായിരിക്കും. വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും നേരിട്ട് ഹാജരായി പരാതി രേഖാമൂലം സമർപ്പിക്കാം.

2021 ജൂണിലാണ് പുതിയ നിയമസഭസമിതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. വിവിധ ജില്ലകളിലായി സന്ദർശനങ്ങൾ, പരാതി തീർപ്പാക്കൽ എന്നിവയാണ് സമിതിയുടെ പ്രവർത്തനങ്ങൾ. സംസ്ഥാനത്തുടനീളം വിവിധ വിഷയങ്ങളിലുള്ള ഇടപെടലുകളിലൂടെ പ്രസക്ത വിഷയങ്ങളെ സർക്കാരിൻറെ ശ്രദ്ധയിൽപെടുത്തുകയാണ് സമിതിയുടെ ദൗത്യം.

ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ, സബ് കളക്ടർ മുഹമ്മദ് ഷെഫീഖ്, ഡിസാസ്റ്റർ മാനേജ്മെൻറ് ഡെപ്യൂട്ടി കളക്ടർ ഡോ. എം സി റെജിൽ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date