Skip to main content

ചെമ്മനാകരി നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു

കോട്ടയം: ചെമ്മനാകരി നിവാസികളുടെ ഏറെ നാളത്തെ യാത്രാദുരിതത്തിന് അറുതിയാകുന്നു. വിവിധ സാങ്കേതിക തടസ്സങ്ങളാൽ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടന്ന വൈക്കം ചെമ്മനാകരി - ടോൾ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ. നിലവിൽ റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.
 പൊതുമരാമത്ത് വകുപ്പ് അനുവദിച്ച അഞ്ച് കോടി രൂപ ചെലവിട്ടാണ് റോഡ് നവീകരണം. ടോൾ ജംഗ്ഷൻ മുതൽ ചെമ്മനാകരി വരെയുള്ള 3.740 കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. അഞ്ചരമീറ്റർ വീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മിക്കുന്ന റോഡിനൊപ്പം 400 മീറ്റർ നീളത്തിൽ ഓടയും നിർമ്മിക്കും. കാലവർഷവും  പ്രളയവും മൂലമുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാനായി റോഡിന്റെ ഉയരം വർധിപ്പിക്കാനും തീരുമാനമുണ്ട്. കൂടാതെ റോഡിന്റെ സുരക്ഷയ്ക്കായി ഇരുവശവും കല്ല് കെട്ടി സംരക്ഷണഭിത്തി ഒരുക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
 വൈക്കത്തെ വിവിധ പ്രദേശങ്ങളെ ചെമ്മനാകരി ബോട്ട് ജെട്ടി, ഇൻഡോ അമേരിക്കൻ ആശുപത്രി എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ടോൾ - ചെമ്മനാകരി റോഡ്. മറവൻതുരുത്ത്, ചെമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളെ  ചെമ്മനാകരി ബോട്ട് ജെട്ടിയിലേക്ക് ബന്ധിപ്പിക്കാനും ഈ റോഡ് സഹായകരമാകും.  ഇതു വഴി  ആലപ്പുഴ ജില്ലയിലേക്കുള്ള ജങ്കാർ സർവീസ് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും.
 

date