Skip to main content

നടപടി ജില്ലയിലാദ്യം എം എല്‍ എ ഫണ്ട് : അഴീക്കോട് മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളില്‍ കമ്പ്യൂട്ടറുകളെത്തി

അഴീക്കോട് മണ്ഡലത്തിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളും സമ്പൂര്‍ണ്ണ ഇ ഓഫീസാക്കാന്‍ ജില്ലയില്‍ ആദ്യമായി എം എല്‍ എ ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു. കെ വി സുമേഷ് എം എല്‍ എയും ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറും ചേര്‍ന്ന് കമ്പ്യൂട്ടറുകള്‍ പള്ളിക്കുന്ന് വില്ലേജ് ഓഫീസര്‍ ഇ ഒ കെ ലതക്ക് കൈമാറി. ജനങ്ങള്‍ക്ക് സേവനങ്ങള്‍ സുതാര്യമായും വേഗത്തിലും ലഭിക്കാന്‍ ആധുനികവല്‍കരണം അനിവാര്യമാണെന്ന് എം എല്‍ എ പറഞ്ഞു. പദ്ധതി മാതൃകാപരമാണെന്ന് കലക്ടറും വ്യക്തമാക്കി.
നേരത്തെ റവന്യൂ വകുപ്പ് നേരിട്ടാണ് വില്ലേജുകളിലേക്കുള്ള ഉപകരണങ്ങള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇവ എം എല്‍ എയുടെ ആസ്തി വികസന നിധി ഉപയോഗിച്ച് ലഭ്യമാക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ   പദ്ധതിക്ക് ഭരണാനുമതി തേടി കെ വി സുമേഷ് എം എല്‍ എ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് 10 ലക്ഷം രൂപ ചെലവില്‍ അഴീക്കോടെ ഒമ്പത് ഓഫീസുകള്‍ക്കും ഉപകരണങ്ങള്‍ കൈമാറിയത്.
കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ശ്രുതി, കെ രമേശന്‍, കെ അജീഷ്, പി പി ഷമീമ, എ വി സുശീല, ചിറക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി അനില്‍കുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ടി രവീന്ദ്രന്‍, എ ഡി എം കെ കെ ദിവാകരന്‍, തഹസില്‍ദാര്‍ സുരേഷ് ചന്ദ്ര ബോസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ ഷാജു, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date