Skip to main content

തെരുവ് നായ പ്രശ്നം: പൊതുജന നിർദ്ദേശങ്ങൾ സുപ്രീം കോടതിക്ക് സമർപ്പിക്കും; ജില്ലാ പഞ്ചായത്ത് ഭരണസമിതി

തെരുവ് നായ പ്രശ്നം സംബന്ധിച്ച സുപ്രീം കോടതി കേസിൻ്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്നും മുന്നൂറിലേറെ നിർദ്ദേശങ്ങൾ ലഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു.ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ  അധ്യക്ഷത വഹിച്ച്  സംസാരിക്കുകയായിരുന്നു അവർ. ആഗസ്റ്റ്16 ന് കേസ് കോടതി വീണ്ടും പരിഗണിക്കും. ലഭിച്ച നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് കോടതിക്ക് സമർപ്പിക്കുമെന്നും അവർ പറഞ്ഞു.കേസ് നടത്തിപ്പിനുള്ള ചെലവിന് അനുമതി നൽകാൻ സർക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. നിർവ്വഹണ കലണ്ടർ അടിസ്ഥാനത്തിൽ പദ്ധതികൾ പൂർത്തീകരിക്കാൻ നിർവഹണ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു. വാർഷിക പദ്ധതി പ്രവൃത്തികൾ ജനുവരിക്കുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതികൾ സംബന്ധിച്ച് ഡിവിഷൻ തല മോണിറ്ററിംഗ് കാര്യക്ഷമമാക്കാനും യോഗം തീരുമാനിച്ചു.
ജില്ലയിലെ ആറ് ഗവ.ഹയർ സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് ടു വിദ്യാർത്ഥിനികൾക്കായി 834 മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യാൻ യോഗത്തിൽ തീരുമാനമായി. കല്യാശ്ശേരി കെ പി ആർ ജി എച്ച് എസ് എസ് (173) , പാലയാട് ജി എച്ച് എസ് എസ് (132), ചിറ്റാരിപറമ്പ് ജി എച്ച് എസ് എസ്(128), ചുഴലി ജി എച്ച് എസ് എസ് (90), പാല ജി എച്ച് എസ് എസ് (140) മാടായി ജി എച്ച് എസ് എസ് ഗേൾസ് (178) എന്നിവിടങ്ങളിലാണ് കപ്പുകൾ വിതരണം ചെയ്യുക.
ജില്ലാ പഞ്ചായത്തിന് കീഴിലെ ഫാമുകളിൽ ക്യു ആർ കോഡ് അടിസ്ഥാനമാക്കിയ ഓൺലൈൻ പേയ്മെൻ്റ് സംവിധാനം എർപ്പെടുത്താനും യോഗം അനുമതി നൽകി.
ജില്ലാ പഞ്ചായത്തിന് കീഴിലെ 38 സ്കൂളുകളിൽ പ്രീ ഫാബ്രിക്കേറ്റഡ് മോഡുലാർ ടോയിലറ്റ് സ്ഥാപിക്കുന്നതിന് പ്രൊജകറ്റ് മാനേജ്മെൻ്റ് കൺസൽട്ടൻസിക്കായുള്ള ടെണ്ടറിൽ സിൽക്കിൻ്റെ ടെണ്ടർ അംഗീകരിച്ചു. കല്യാശ്ശേരി സിവിൽ സർവീസ് അക്കാദമിയിലെ കുടിവെള്ള പ്രശ്നം സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പട്ടികവർഗ്ഗ വികസന ഓഫീസർക്ക് യോഗം നിർദേശം നൽകി.
ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി കെ സുരേഷ് ബാബു, അഡ്വ.കെ കെ രത്നകുമാരി, യുപി ശോഭ, അഡ്വ.ടി സരള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുൾ ലത്തീഫ്, ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

date