Skip to main content

തലശ്ശേരി മണ്ഡലതല പട്ടയ അസംബ്ലി നടന്നു

മുഴുവന്‍ പേര്‍ക്കും പട്ടയം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന  പട്ടയ അസംബ്ലി തലശ്ശേരി നിയമസഭാ മണ്ഡലത്തിൽ നടന്നു. തലശ്ശേരി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍   നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീർ  അധ്യക്ഷത വഹിച്ചു. കാലതാമസമില്ലാതെ എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കുമെന്ന് സ്പീക്കര്‍  എ എന്‍ ഷംസീർ പറഞ്ഞു. അര്‍ഹരായവര്‍ക്ക് ഭൂമിയും പട്ടയവും ലഭ്യമാക്കുന്നതിനായി പട്ടയ മിഷന്റെ ഭാഗമായാണ് പട്ടയ അസംബ്ലി നടത്തിയത്.
മണ്ഡലത്തിലെ ലക്ഷംവീട് കോളനികളിലെയും നല്‍കാന്‍ ബാക്കിയുള്ള പട്ടയങ്ങളുടെയും വിശദമായ പരിശോധന നടത്തും. വില്ലേജ്-പഞ്ചായത്ത് തലങ്ങളിലുള്ള ജനപ്രതിനിധികള്‍, വില്ലേജ്തല ജനകീയ സമിതികള്‍ എന്നിവര്‍ അറിയിക്കുന്ന പട്ടയ പ്രശ്‌നങ്ങളാണ് അസംബ്ലികളില്‍ പരിശോധിക്കുക. പരിഹരിക്കാനാവുന്ന വിഷയങ്ങള്‍ പരിശോധിച്ച് ലാന്റ് അസൈന്‍മെന്റ് കമ്മിറ്റിയുടെ അനുവാദത്തോടെ സമയബന്ധിതമായി പട്ടയം അനുവദിക്കും. ബാക്കിയുള്ളവ നിലവിലെ പട്ടയം ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെടുത്തും. ഇത്തരം വിഷയങ്ങള്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലാ ദൗത്യ സംഘം പരിശോധിച്ച് ആവശ്യമെങ്കില്‍ സംസ്ഥാനതല സമിതിയുടെ പരിഗണനയ്ക്ക് അയക്കും.
 നോഡല്‍ ഓഫീസര്‍ ടി വി രഞ്ജിത്ത് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം പി ശ്രീഷ (എരഞ്ഞോളി ), സി കെ രമ്യ (ചൊക്ലി), സി കെ അശോകന്‍( പന്ന്യന്നൂര്‍ ), എം കെ സെയ്ദു( ന്യൂമാഹി), തലശ്ശേരി തഹസില്‍ദാര്‍ കെ ഷീബ, എല്‍ ആര്‍ തഹസില്‍ദാര്‍ വി പ്രശാന്ത്, ജനപ്രതിനിധികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date