Skip to main content

മുപ്പാലം ഡിസംമ്പറിനകം പൂര്‍ത്തീകരിക്കും നിര്‍മാണ പ്രവൃത്തികള്‍ സമയ ബന്ധതിമായി പൂര്‍ത്തിയാക്കണം: ജില്ല വികസന സമിതി യോഗം

ആലപ്പുഴ: വിവിധ നിര്‍മാണ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കി ജില്ല വികസന സമിതി യോഗം. ജില്ലാ കളക്ടര്‍ ഹരിതാ വി. കുമാറിന്റെ അധ്യക്ഷത വഹിച്ചു. മുപ്പാലത്തിന്റെ നിര്‍മാണം ഡിസംമ്പറിനകം പൂര്‍ത്തീകരിക്കാനാവുമെന്ന് യോഗം വിലയിരുത്തി. തോമസ് കെ. തോമസ് എം.എല്‍.എ., എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ.യുടെ പ്രതിനിധി സഞ്ജയ് നാഥ്, കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ പ്രതിനിധി കെ. ഗോപകുമാര്‍ എന്നിവരും യോഗത്തില്‍ സംസാരിച്ചു.

റോഡുകള്‍, പാലങ്ങള്‍ എന്നിവയുടെ സ്ഥലമേറ്റെടുപ്പ്, നിര്‍മാണം തുടങ്ങിയവ നീണ്ടുപോകുന്നത് ഒഴിവാക്കണം. റോഡുകളുടെ പുനരുദ്ധാരണത്തിനുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തീകരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ പ്രവൃത്തി ആരംഭിക്കാമെന്ന് ഉറപ്പാക്കിയ ശേഷമേ റോഡുകളും പാലങ്ങളും പൊളിക്കാവൂ എന്ന് നിര്‍ദേശിച്ചു. ജില്ലാ കോടതി പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും ജില്ല കളക്ടര്‍ നിര്‍ദേശിച്ചു.

കുട്ടനാട്ടിലെ ജലാശയങ്ങളില്‍ വളരുന്ന പോളയില്‍ നിന്നും കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്ന പ്രവൃത്തികള്‍ നീലംപേരൂര്‍ ഗ്രാമപഞ്ചായത്തിലേതു പോലെ മുട്ടാര്‍, കൈനകരി, നെടുമുടി, തകഴി ഗ്രാമപഞ്ചായത്തുകളില്‍ കൂടി നടപ്പാക്കുന്നതിന് നവകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് യൂണിറ്റിനുവേണ്ടിയുള്ള കെട്ടിട നിര്‍മ്മാണം, മാവേലിക്കര ജില്ലാ ആശുപത്രി കെട്ടിട നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചു. 

കുട്ടനാട് കുടിവെള്ള പദ്ധതി, കാവാലം തട്ടാശ്ശേരി പാലം, ഗോവേന്ദ പാലം, ആയിരവേലി, സൊസൈറ്റി പാലങ്ങളുടെ നിര്‍മാണ പ്രവൃത്തിയുടെ നിര്‍വ്വഹണ സ്ഥിതി തോമസ് കെ. തോമസ് എം.എല്‍.എ. വിലയിരുത്തി. കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും കുട്ടനാട്ടിലെ ജലാശയങ്ങളുടെ ആഴംകൂട്ടാനുള്ള നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു. 

എ.സി. റോഡില്‍ നിര്‍മാണം നടക്കുന്ന പാലത്തിന് സമീപത്ത് കൂടി പോകുന്ന 120 കെ.വി. ലൈന്‍ ഉയര്‍ത്തണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ പ്രതിനിധി ആവശ്യപ്പെട്ടു. വാലടി തുരുത്തി റോഡ് പുനരുദ്ധാരണം നാളിതുവരെ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് നിജസ്ഥിതി വിലയിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

മാവേലിക്കര മിച്ചല്‍ ജംഗ്ഷന്‍ നവീകരണം, കുറത്തികാട് വള്ളികുന്നം കുടിവെള്ള പദ്ധതി, വള്ളിക്കുന്നം ചിറ ടൂറിസം എന്നിവ വേഗത്തിലാക്കണമെന്ന് എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ.യുടെ പ്രതിനിധി ആവശ്യപ്പെട്ടു. 

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.പി. അനില്‍കുമാര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date