Skip to main content

ലിറ്റിൽ കൈറ്റ്‌സ് സ്‌കൂൾ ക്യാമ്പുകൾ ഇന്ന് മുതൽ

ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളുടെ ഈ വർഷത്തെ സ്‌കൂൾ ക്യാമ്പുകൾ വിവിധ ഡിജിറ്റൽ ഓണാഘോഷ പരിപാടികളുമായി സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നടക്കും. ഓണാഘോഷം എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് യൂണിറ്റ് ക്യാമ്പിലെ പ്രവർത്തനങ്ങൾ കമ്പ്യൂട്ടർ അധിഷ്ഠിതമായി ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്‌ക്രാച്ച് പ്രോഗ്രാമിങ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ റിഥം കമ്പോസർ ഉപയോഗിച്ച് ഓഡിയോ ബീറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനം, പൂക്കൾ ശേഖരിച്ച് ഓണപ്പൂക്കളമൊരുക്കുന്ന കമ്പ്യൂട്ടർ ഗെയിം തയ്യാറാക്കൽ, സ്വതന്ത്രദ്വിമാന അനിമേഷൻ സോഫ്റ്റ്‌വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് അനിമേഷൻ റീലുകൾ, ജിഫ് ചിത്രങ്ങൾ, ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയാണ് യൂണിറ്റ് ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഓരോ ക്യാമ്പ് അംഗവും അസൈൻമെന്റെ തയ്യാറാക്കി സമർപ്പിക്കും. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച വിദ്യാർഥികളെ നവംബറിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്നതാണ്. ഉപജില്ലാ ക്യാമ്പിൽ ആനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിൽ പ്രവർത്തനങ്ങളാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ 188 വിദ്യാലയങ്ങളിൽ നിന്നായി 6941 കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കും ക്യാമ്പ് വിജയകരമായി പൂർത്തിയാക്കുന്നതിനായി 83 അധ്യാപകർക്ക് ക്യാമ്പ് ഉള്ളടക്കവുമായി ബന്ധപ്പെട്ട പ്രത്യേക പരിശീലനം നൽകി. ജില്ലയിൽ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ നിന്നായി 21158 കുട്ടികൾ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളാണ്.

date