Skip to main content

നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന; പിഴ ചുമത്തി

മാലിന്യങ്ങള്‍ അശാസ്ത്രീയമായി കൈകാര്യം ചെയ്തതിനും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിനും സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.വടക്കാഞ്ചേരി നഗരസഭയിലെ ഹരിത കര്‍മ്മ സേനയ്ക്ക് അജൈവമാലിന്യങ്ങള്‍ കൈമാറാതെ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതിനും സ്ഥാപന പരിസരം വൃത്തി രഹിതമായി കിടന്നതിനും നഗരത്തിലെ ലബോറട്ടറിയ്ക്ക് 5000 രൂപ പിഴ ചുമത്തി. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിവിധ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് നഗരസഭയുടെ ഹെല്‍ത്ത് സ്‌ക്വാഡ് പതിനായിരം രൂപ പിഴ ഈടാക്കി.
 മാലിന്യമുക്ത നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ടു നഗര സൗന്ദര്യവല്‍ക്കരണം നടത്തുന്നതിനും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം സാര്‍വത്രികമാക്കുന്നതിനും കഴിഞ്ഞ രണ്ടുമാസമായി വടക്കാഞ്ചേരി നഗരസഭ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്.

എല്ലാ സ്ഥാപനങ്ങളും സന്ദര്‍ശിച്ച് അലങ്കാര ചെടി വയ്ക്കുന്നതിനും തരംതിരിച്ചുള്ള മാലിന്യ സംസ്‌കരണത്തിന് ഒന്നിലധികം ബിന്നുകള്‍ സ്ഥാപിക്കുന്നതിനും ഹരിത കര്‍മ്മ സേനയ്ക്ക് സ്ഥിരമായി യൂസര്‍ ഫീസിനൊപ്പം മാലിന്യങ്ങള്‍ നല്‍കുന്നതിനും സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ സര്‍വ്വേ നടത്തുകയും വ്യാപാരി വ്യവസായി സംഘടനാ പ്രവര്‍ത്തികളുടെ യോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്തിരുന്നു. നഗരസഭയിലെ വിവിധ കേന്ദ്രങ്ങളില്‍ ഫ്‌ളാഷ് മോബ്, തെരുവ് നാടകം അടക്കമുള്ള കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

  സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളെ വിലയിരുത്തുവാനും ന്യൂനതകളെ കണ്ടെത്തുവാനും നഗരസഭ ആരോഗ്യ വിഭാഗം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് ദിവസേന പരിശോധന നടത്തുകയാണ്. വടക്കാഞ്ചേയില്‍ ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ സംസ്‌കാരത്തെ വളര്‍ത്തി മാതൃക നഗരമാക്കി മാറ്റുന്നതിന് എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ നഗരസഭ ചെയര്‍മാന്‍ പി.എന്‍. സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

ഹരിത കര്‍മ്മ സേനയ്ക്ക് മാലിന്യം നല്‍കുന്നതിന് യൂസര്‍ ഫീ നല്‍കേണ്ടതില്ല എന്ന തരത്തിലും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനത്തിനെതിരെയും ചിലര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക് എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി കെ.കെ. മനോജ് അറിയിച്ചു.

date