Skip to main content
ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ഉദ്ഘാടനം ചെയ്തു

ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെറുതന ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്  എബി മാത്യു നിർവ്വഹിച്ചു. 
പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച ഹരിത കർമ്മസേന അംഗങ്ങൾ മുഖേന ഒരു മാസക്കാലം കൊണ്ട്  പഞ്ചായത്തിലെ എല്ലാ വീടുകളും സ്ഥാപനങ്ങളും സർവ്വേ പൂർത്തീകരിച്ച് ക്യൂ ആർ കോഡ് പതിപ്പിക്കുന്ന വിവര ശേഖരണ പ്രവർത്തനമാണ് ആദ്യ ഘട്ടമായി നടപ്പാക്കുന്നത്. ഓരോ തവണയും ഹരിത കർമ്മ സേന വീടുകൾ സന്ദർശിക്കുമ്പോൾ നടത്തുന്ന ഇടപാടുകൾ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തും. ഈ വിവരങ്ങൾ അതേ സമയം പഞ്ചായത്തിനും പൊതുജനങ്ങൾക്കും അറിയാൻ കഴിയും. സർവ്വേ അവസരത്തിൽ നൽകുന്ന ഫോൺ നമ്പറിൽ എസ്.എം.എസ്. ആയി സാമ്പത്തിക ഇടപാട് സംബന്ധിച്ച വിവരം ലഭിക്കും. പൊതു നിരത്തിൽ മാലിന്യം വലിച്ചെറിയുന്നതുൾപ്പടയുള്ള പരാതികൾ ആപ്ലിക്കേഷൻ മുഖേന നൽകാനാകും. 
സമ്പൂർണ്ണ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിൽ നടന്ന ഉദ്ഘാടനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് കെട്ടിടം സർവ്വേ പൂർത്തീകരിച്ച് ക്യൂ ആർ കോഡ് പതിപ്പിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാലിന്യപരിപാലനം നടപ്പാക്കുന്ന പഞ്ചായത്തായി ചെറുതന മാറും.
ചടങ്ങിൽ  ഗ്രാമപഞ്ചായത്തംഗങ്ങളായ ശോഭന, മായാദേവി, ശ്രീകലാ സത്യൻ, ടി. മുരളി, ഷാജൻ ജോർജ്, അനില, ശരത് ചന്ദ്രൻ, സ്മിതമോൾ വർഗീസ്, ഹരിത കർമ്മസേന അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അഞ്ജന ദീപ്തി, കെൽട്രോൺ പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

date