Skip to main content

ആഘോഷങ്ങള്‍ പരസ്പരം അകറ്റാനല്ല അടുപ്പിക്കാന്‍: മന്ത്രി സജി ചെറിയാന്‍

പരസ്പരം അകറ്റാനല്ല അടുപ്പിക്കാനാണ് ഓരോ ആഘോഷങ്ങളെന്നും അത്തരത്തില്‍ ജനങ്ങളെ ഒന്നിപ്പിക്കാന്‍ തളിപ്പറമ്പിന്റെ ഹാപ്പിനെസ്സ് ഫെസ്റ്റിവലിന് സാധിച്ചെന്നും ഫിഷറീസ് സാംസ്‌കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍. ആന്തൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആഘോഷങ്ങളെന്നാല്‍ ആളുകള്‍ക്ക് സന്തോഷിക്കാനുള്ളതാണ്. അങ്ങനെ സന്തോഷിക്കാന്‍ മാത്രമായി ഒരു ഫെസ്റ്റിവല്‍ എന്ന ആശയം കയ്യടി അര്‍ഹിക്കുന്നതാണ്. ലോകത്തിന്റെ നാനാഭാഗത്ത് ഇതേസമയം വിഭാഗീയതയുടെ പേരില്‍ ദുഖമനുഭവിക്കുന്നവരുണ്ട്. നിലവില്‍ കേരളത്തില്‍ അതിനുള്ള സാഹചര്യമില്ല. കാരണം കേരളത്തിന്റെ സ്‌നേഹവും സഹോദര്യവും പാരമ്പര്യവും നാമിന്നും സംരക്ഷിക്കുന്നുണ്ട്. അതിന്റെ തെളിവാണ് ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍ പോലെയുള്ള കൂട്ടായ്മകള്‍. അതുപോലെ ലഹരിയുടെ കടന്നുകയറ്റം കൂടുതല്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതും ആഘോഷങ്ങളിലും ഉത്സവങ്ങളിലുമൊക്കെയാണ്. ഇത്തരം കൂട്ടായ്മയിലൂടെ അതിനെതിരെ പൊരുതാന്‍ നമുക്കാകണം. ജനങ്ങളുടെ സന്തോഷത്തിനായുള്ള ആഘോഷങ്ങള്‍ ചിലര്‍ ചില മതങ്ങളുടെ മാത്രമാക്കി മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. അത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍ മുഖ്യസംഘാടകനും മുന്‍ ആന്തൂര്‍ നഗരസഭാ കൗണ്‍സിലറുമായ ടി സുരേഷ് ബാബുവിന്റെ നിര്യാണത്തില്‍ സദസ്സ് അനുശോചിച്ചു. തുടര്‍ന്ന് ഷഹബാസ് അമന്റെ ഗസല്‍ സന്ധ്യയും അരങ്ങേറി. നിരവധിയാളുകളാണ് ഷഹബാസിന്റെ പാട്ടുകള്‍ക്ക് കാതോര്‍ക്കാനെത്തിയത്. സ്റ്റേഡിയത്തിനകത്തും പുറത്തും ജനങ്ങള്‍ തിങ്ങി നിറഞ്ഞു. ഫുഡ് കോര്‍ട്ടുകളില്‍ എന്നത്തേയും പോലെ തികഞ്ഞ ജനക്കൂട്ടം തന്നെയായിരുന്നു.
കേരള ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ സി സഹദേവന്‍ മുഖ്യാഥിതിയായി. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ്, സംഘാടക സമിതിയംഗം രാജേഷ് കടമ്പേരി എന്നിവര്‍ സംസാരിച്ചു.

date